തിരുവനന്തപുരം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കർണാടക സംഗീത മത്സരത്തിൽ (ആൺ) ഒന്നാമതെത്തിയത് കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ ആലാപ് ശ്യാമകൃഷ്ണനാണ്.സംഗീത കുടുംബത്തിൽ നിന്നുമെത്തിയ ആലാപിന് സംഗീതം ജീവശ്വാസമാണ്. കേരള യൂണിവേഴ്സിറ്റി സംഗീതാദ്ധ്യാപകൻ ശ്യാമകൃഷ്ണന്റെയും സംഗീത കോളജിൽ കർണാടക സംഗീത പ്രഫസറായിരുന്ന ശാലിനിയുടെയും മകനാണ് ആലാപ്.ആലാപിന്റെ മുത്തശി പാൽകുളങ്ങര അംബികാദേവി ആൾ ഇന്ത്യാ റേഡിയോ 1958ൽ നടത്തിയ ദേശീയ കർണാടക സംഗീത മത്സരത്തിൽ രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട്.ആലാപിന്റെ സഹോദരി അഞ്ചാം ക്ലാസുകാരി അൻവിതയും പാട്ടിന്റെ വഴിയിലുണ്ട്.മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയ ആറാം ക്ലാസ് മുതൽ തന്നെ ആലാപ് സമ്മാനങ്ങളും നേടിത്തുടങ്ങിയിരുന്നു.കർണാടക സംഗീതത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ സ്കോളർഷിപ്പ് മൂന്നു വർഷമായി നേടുന്ന ആലാപിന് മൃദംഗത്തിലും പ്രവീണ്യമുണ്ട്.ആലാപിന്റെ അച്ഛൻ ശ്യാമകൃഷ്ണനും ചെറുപ്പം മുതൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. രണ്ടു തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കർണാടക സംഗീതത്തിലും മൃദംഗത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ശ്യാമകൃഷ്ണനും ശാലിനിയും മക്കൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.