
സാക്ഷിയായി മുൻരാഷ്ട്രപതി
തിരുവനന്തപുരം: മുൻരാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ മേൽനോട്ടത്തിൽ ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്ന തുമ്പയിലെ പള്ളിമുറ്റത്ത് 200-ാം റോക്കറ്റ് വിക്ഷേപിക്കുന്നതിന് സാക്ഷിയാകാൻ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബസമേതമെത്തി. 200-ാം വിക്ഷേപണത്തിന് ഉപയോഗിച്ചതാകട്ടെ രോഹിണി സൗണ്ടിംഗ് റോക്കറ്റിന്റെ ആർ.എച്ച്. 200 പതിപ്പും.
ചടങ്ങിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ്, വി.എസ്.എസ്.സി.ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഇപ്പോഴത്തെ പടക്കുതിരകളായ പി.എസ്.എൽ.വി, ജി.എസ്.എൽ.വി. റോക്കറ്റുകൾ നിർമ്മിക്കാനുള്ള ആത്മവിശ്വാസം ഐ.എസ്.ആർ.ഒ.യ്ക്ക് നൽകിയത് തുമ്പ വി.എസ്.എസ്.സി. കാമ്പസിലെ പഴയ പള്ളിമുറ്റത്ത് നിന്ന് വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റുകളാണ്.
1963 നവംബർ 21 ന് അമേരിക്കയുടെ 'നൈക്ക് അപ്പാഷേ സൗണ്ടിങ് റോക്കറ്റ്' വിക്ഷേപിച്ചാണ് തുടക്കം. അത് അസംബിൾ ചെയ്തത് ഡി. ഈശ്വരദാസ് ആയിരുന്നു. സുരക്ഷാചുമതല കലാമിനും. ഭൂമിയുടെ കാന്തിക മദ്ധ്യരേഖ (മാഗ്‌നറ്റിക് ഇക്വേറ്റർ) കടന്നു പോകുന്നതിനാലാണ് തുമ്പയെ റോക്കറ്റ് വിക്ഷേപണത്തിന് തിരഞ്ഞെടുത്തത്. ബാഹ്യ അന്തരീക്ഷം പഠിക്കാനാണ് സൗണ്ടിങ് റോക്കറ്റുകൾ ഉപയോഗിച്ചത്. ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വർഷം കഴിഞ്ഞ് 1980 ജൂലായ് 18 ന് സ്വന്തം റോക്കറ്റായ എസ്.എൽ.വി 3ൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഉപഗ്രഹവിക്ഷേപണ ശേഷി കൈവരിച്ച ആറാമത്തെ രാജ്യമായി ഇന്ത്യ.
നൈക്ക് ഒറ്റഘട്ടമുള്ള കുഞ്ഞൻ റോക്കറ്റായിരുന്നു. താണ ഭ്രമണപഥമായ 100കിലോമീറ്ററിൽ താഴെ 75കിലോമീറ്റർ വരെ പോകും
പിന്നീട് രണ്ട് സ്റ്റേജുള്ള റഷ്യൻ നിർമ്മിത എം.100റോക്കറ്റുകൾ കൊണ്ടുവന്നു. 70കിലോ പേലോഡുമായി 85കിലോമീറ്റർ വരെ പോകും. പിന്നെ ഫ്രാൻസിന്റെ സെന്റോർ സൗണ്ടിംഗ് റോക്കറ്റുകളായി. 30കിലോ പേലോഡുമായി 150കിലോമീറ്റർ ഉയരത്തിലെത്തും.
1967ൽ ഇന്ത്യ സ്വന്തം സൗണ്ടിംഗ് റോക്കറ്റ് വികസിപ്പിച്ചു - രോഹിണി. ആദ്യപതിപ്പ് ആർ.എച്ച്. 75. 75മില്ലിമീറ്റർ മാത്രം വ്യാസവും ആറ് മീറ്റർ ഉയരവും . പിന്നെ ആർ.എച്ച്. 100, ആർ.എച്ച്. 125 എന്നിങ്ങിനെ ശേഷി കൂട്ടി. ഇപ്പോൾ 100കിലോ പേലോഡുമായി 550കിലോമീറ്റർ ഉയരത്തിൽ പോകുന്ന ആർ.എച്ച്. 200, ആർ.എച്ച്. 300 എം.കെ.2, ആർ.എച്ച്. 560 എം.കെ.3,തുടങ്ങിയ റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്.