തിരുവനന്തപുരം:ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനവും മത്സരാർത്ഥികൾ കാഴ്ചവച്ചത് വാശിയേറിയ പോരാട്ടം.1456 വിദ്യാർത്ഥികളാണ് 12 വേദികളിൽ വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.കൊവിഡിനു ശേഷമുള്ള ആദ്യത്തെ കലോത്സവത്തെ കുട്ടികൾ ആവേശത്തോടെയാണ് വരവേറ്റത്. മത്സരാർത്ഥികൾക്ക് പുറമെ നിരവധി വിദ്യാർത്ഥികളാണ് കലോത്സവാന്തരീക്ഷം ആസ്വദിക്കാനെത്തിയത്.സെക്യൂരിറ്റി തടയുന്നത് ഒഴിവാക്കാൻ ചിലവിരുതന്മാർ മതിലു ചാടിയും കണ്ണുവെട്ടിച്ചുമൊക്കെയാണ് അകത്ത് കടന്നുകൂടിയത്.സെൽഫിയും ചായയും ഐസ്ക്രീമും കളിചിരികളുമൊക്കെയായി ഇവർ കലോത്സവത്തെ വർണാഭമാക്കുകയാണ്.അങ്കണത്തിൽ പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നത് തടയാനും പരിസര ശുചിത്വം ഉറപ്പാക്കാനും എൻ.സി.സി കേഡറ്റ്സും സ്റ്റുഡൻസ് പൊലീസും, റെഡ് ക്രോസ് ജൂനിയർമാരും ഉത്സാഹിച്ചപ്പോൾ സാങ്കേതികമായ കാര്യങ്ങളിൽ അദ്ധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സും മുമ്പിലുണ്ടായിരിന്നു.കുട്ടികളായതിനാലും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ജോലിഭാരം കുറവെന്നാണ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പറയുന്നത്.വിദ്യാർത്ഥികളുടെ പങ്കാളിത്തം ഏറിയതോടെ ഭക്ഷണപ്പുരയിൽ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.