
തിരുവനന്തപുരം: വൈദ്യുതിനിയമം ഭേദഗതിചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാരുടെ ദേശീയ കൂട്ടായ്മയായ നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്ദിറിൽ നടത്തിയ മാർച്ചിൽ സംസ്ഥാനത്തുനിന്ന് 150ലേറെ പേർ പങ്കെടുത്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹരിലാൽ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി ഗോപകുമാർ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാർ, ഇല. ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സിബു, കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
മാർച്ച് മുൻ എം.പിയും സി.ഐ.ടിയു ജനറൽ സെക്രട്ടറിയുമായ തപൻ സെൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, ഡി. രാജ, സംയുക്ത കിസാൻ മോർച്ച നേതാവും മുൻ എം.പിയുമായ ഹനൻ മൊള്ള, കോഓർഡിനേഷൻ കമ്മിറ്റിയിലെ പ്രശാന്ത നന്ദി ചൗധരി, ശൈലേന്ദ്ര ദുബെ, മോഹൻ ശർമ്മ, സമർ സിൻഹ, ആർ.കെ. ത്രിവേദി, പി. രത്നാകർ റാവു, അഭിമന്യു ധങ്കദ് എന്നിവർ സംസാരിച്ചു.