general

ബാലരാമപുരം: മൊട്ടമൂട് അരിക്കടമുക്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.45 നാണ് സംഭവം. പ്രാവച്ചമ്പലം ഭാഗത്ത് ഇടക്കോട് ട്യൂഷൻ സെന്ററിലേക്ക് പോവുകയായിരുന്ന അച്ഛനെയും മകനെയുമാണ് എതിർദിശയിൽ നിന്നെത്തിയ മൂവർസംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ട്യൂഷൻ സെന്ററിൽ പോകാൻ എത്തിയ കാരയ്ക്കാമണ്ഡപം സ്വദേശി റാഫി(30)​,​ മകൻ റിസ്വാൻ (8)​,​ അമിതവേഗതയിൽ ബൈക്ക് ഓടിച്ചിരുന്ന അരിക്കട മുക്ക് അരവിന്ദ് ഭവനിൽ നിഖിൽകുമാർ(25)​,​ പിന്നിലുണ്ടായിരുന്ന വലിയറത്തല സ്വദേശി അനന്ദു (19)​,​ മൊട്ടമൂട് സ്വദേശി അക്ഷയ് (16)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ 5 പേരെയും പിറകേ വന്ന മറ്റ് വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് അമിതവേഗതയിൽ ദിശ തെറ്റി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കിംസിൽ ചികിത്സയിലുള്ള റിസ്വാന്റെയും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അക്ഷയുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഈ ഭാഗത്ത് സമാന രീതിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ഇടിച്ച് വൃദ്ധന് പരിക്കേറ്റിരുന്നു. തുടർച്ചയായ അപകടങ്ങൾ നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അമിതവേഗതയിൽ ഇടിച്ചു തെറിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ലൈസൻസ് റദ്ദ് ചെയ്യൽ തുടങ്ങിയ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നരുവാമൂട് സി.ഐ ധനപാലൻ അറിയിച്ചു.