samu5

ഉദിയൻകുളങ്ങര: മാസങ്ങൾക്ക് മുൻപ് തെക്കേ കൊല്ലംങ്കോട് തീരദേശ മേഖലയിൽ തിരയടി തടയാൻ 50 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച സംരക്ഷണഭിത്തി കടലെടുത്ത് നശിച്ചു. തമിഴ്നാട് ഭാഗത്ത് 3 വർഷം മുൻപ് പുലിമുട്ട് സ്ഥാപിച്ചതോടെ കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന തെക്കേ കൊല്ലംങ്കോട് മേഖലയിൽ ഒരു കിലോമീറ്ററോളം തിരയടി ശക്തമായതിനെത്തുടർന്ന് പൊഴിയൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന നീരോടി റോഡ് 2 തവണ തകർന്നിരുന്നു. തിരമാലകൾ റോഡിലേക്ക് കടക്കുന്നത് തടയാനാണ് കടൽഭിത്തി സ്ഥാപിച്ചത്. എന്നാൽ പണി പൂർത്തിയായി മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് കടൽക്ഷോഭം മൂലം ഭൂരിഭാഗം കല്ലുകളും തകർന്നടിഞ്ഞത്. തീരവും കടന്ന് തിരമാലകൾ ജനവാസ മേഖലയിലേക്ക് കടക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് കുടുംബാംഗങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഫലപ്രദമായ രീതിയിൽ കടൽഭിത്തി നിർമ്മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.