തിരുവനന്തപുരം:ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിൽ നടന്ന കളക്ടറോടൊപ്പം അദാലത്തിൽ ലഭിച്ച 238 പരാതികളിൽ 90 എണ്ണം തീർപ്പാക്കി.35 പേർക്ക് ഭൂമി തരം മാറ്റൽ സംബന്ധിച്ച ഉത്തരവും, 15 മുതിർന്ന പൗരന്മാർക്ക് മെയിന്റനൻസ് ഉത്തരവും, 24 പേർക്ക് ജനന,മരണ സർട്ടിഫിക്കറ്റും, 3 പേർക്ക് ലിമിറ്റഡ് ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റും, 10 പേർക്ക് ന്യായവില ഉത്തരവും പരിപാടിയിൽ വിതരണം ചെയ്തു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന അദാലത്തിൽ സാധാരണക്കാരായ നിരവധി ആളുകളാണ് എത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 58 അപേക്ഷകളും മറ്റുവകുപ്പുകളുടെ 32 അപേക്ഷകളുമാണ് തീർപ്പാക്കിയത്. പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ,റീസർവേ,അതിർത്തി തർക്കം,അനധികൃത കൈയേറ്റം,ലൈഫ് ഭവന പദ്ധതി,ആർ.ടി.ഒ, മുനിസിപ്പാലിറ്റി,പഞ്ചായത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ അതത് വകുപ്പുകളിലേക്ക് തുടർ നടപടികൾക്കായി കൈമാറി. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി,തഹസിൽദാർ ജെ.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.