നായകൻ ആസിഫ് അലി

mm

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മൂത്ത മകൻ ജഗൻ ഇനി സംവിധായകൻ. ആദ്യ ചിത്രത്തിൽ ആസിഫ് അലി നായകൻ. ഷാജി കൈലാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാളായി സ്വതന്ത്ര്യ സംവിധായകനായി മാറാനുള്ള ഒരുക്കങ്ങളിലായിരുന്നു ജഗൻ. നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ ,ക‌ടുവ, കാപ്പ എന്നീ ചിത്രങ്ങളിൽ ജഗൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ, കാവൽ എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. നാൻ കടവുൾ, അങ്ങാടി തെരു, കടൽ, സർക്കാർ, പാപനാശം, പൊന്നിയിൻ സെൽവൻ, ഇന്ത്യൻ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ രചന നിർവഹിച്ച ബി. ജയമോഹൻ ആണ് ജഗൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒഴിമുറി, കാഞ്ചി, നാക്കു പെന്റാ നാക്കു ടാക്ക, വൺ ബൈ ടു എന്നീ മലയാള ചിത്രങ്ങളുടെ രചനയും ജയമോഹന്റേതായിരുന്നു.ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ.

ഇന്നലെ ജഗന്റെ പിറന്നാളായിരുന്നു.ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗനാഥൻ. അതിന്റെ ഒാർമ്മയ്ക്കായിട്ടാണ് ഷാജി മകന് ജഗൻ എന്ന് പേരിട്ടത്.