നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കുടുംബകോടതി നാളെ ഉച്ചയ്ക്ക് 12.30ന് ഹൈക്കോടതി ജഡ്ജി എസ്.വി . ഭാട്ടി ഉദ്ഘാടനം ചെയ്യുന്നതോടെ,കുടുംബകോടതി വേണമെന്ന അഭിഭാഷകരടക്കമുളളവരുടെ വർഷങ്ങളായുളള ആവശ്യമാണ് നടപ്പാകുന്നത്. ഹൈക്കോടതിക്കും സർക്കാരിനും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര കുടുംബകോടതി യാഥാർത്ഥ്യമാകുന്നത്. നെയ്യാറ്റിൻകരയിൽ കുടുംബ കോടതിയില്ലാത്തതിനാൽ താലൂക്കിലെ കുടുംബ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം,നെടുമങ്ങാട് കുടുംബ കോടതികളിലാണ്. അതിനാൽത്തന്നെ അഭിഭാഷകരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടിയിരുന്നു. കേസുകളുടെ ബാഹുല്യവും യാത്രാദുരിതവും സമയ ദൈർഘ്യവുമെല്ലാം പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അഭിഭാഷകരടക്കം കുടുംബ കോടതി വേണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയത്.കോടതിക്കുളള സ്ഥലസൗകര്യവും അധിക തസ്തികകൾ അനുവദിക്കുന്നതു സംബന്ധിച്ചുളള പ്രശ്നങ്ങളുമാണ് പദ്ധതി നീണ്ടുപോകാൻ കാരണമായത്.വർഷങ്ങൾക്ക് മുൻപ് കുടുംബകോടതി അനുവദിച്ചെങ്കിലും കഴിഞ്ഞ ഏപ്രിലിലാണ് കോടതിക്കാവശ്യമായ 21 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്. ബാർ അസോസിയേഷൻ ഉപയോഗിച്ചുവരുന്ന ഹാളാണ് കോടതി തുടങ്ങുന്നതിന് താത്കാലികമായി നൽകിയിട്ടുളളത്. ജില്ലാ ജഡ്ജി കെ.ബാബു സന്ദർശിച്ച് സ്ഥലസൗകര്യം വിലയിരുത്തിയിരുന്നു.ചടങ്ങിൽ പ്രിൻസിപ്പൽ സെഷൻ ജഡ്ജി പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വേലായുൻ നായർ,കെ.ആൻസലൻ എം.എൽ.എ, മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജ് വിനായകറാവു,നഗരസഭാ ചെയർമാൻ പി.കെ.രാജമോഹൻ,ബാർ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.