
ഉദിയൻകുളങ്ങര:കഴിഞ്ഞ 26 വർഷക്കാലമായി കാടുകേറി നശിച്ച കാരോട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അയിരകുളത്തിന് സമീപം അപകടം പതിയിരിക്കുന്നു. നാട്ടുകാരുടെ ഏറെ വർഷത്തെ ആവശ്യത്തെ തുടർന്ന് 6 മാസം മുൻപ് പഞ്ചായത്ത്, നബാർഡ് ഫണ്ട് ഉപയോഗിച്ച് അയിരകുളം നവീകരിച്ചെങ്കിലും കുളത്തിന്റെ റോഡ് കടന്നുപോകുന്ന ഭാഗത്ത് സുരക്ഷാവേലി തീർക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ചെങ്കവിള - അയിര റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. അയിര സ്കൂളിലെ വിദ്യാർത്ഥികളുൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് ഈ വഴിയാണ്. അതിനാൽത്തന്നെ മണിക്കൂറിൽ നൂറോളം വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ വലിയ വാഹനങ്ങളെത്തിയാൽ വിദ്യാർത്ഥികൾ ബണ്ടിലേക്ക് മാറുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. നവീകരണത്തിന് ശേഷവും റോഡിനോട് ചേർന്നുള്ള കുളക്കരയിൽ പുല്ല് വളർന്നുകിടക്കുന്നതിനാൽ കുളവും കരയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാത്തത് വാഹന യാത്രികരെ ദുരിതത്തിലാക്കുന്നു.കുളത്തിൽ വെള്ളം നിറച്ചതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് സുരക്ഷാഭിത്തി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.