വർക്കല: വർക്കല നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പരസ്പരം പോർവിളികളും കൈയേറ്റങ്ങളും നടന്നു. വ്യാഴാഴ്ച രാവിലെ 10.30ന് നടന്ന നഗരസഭ ഭരണസമിതിയുടെ യോഗത്തിന്റെ അടിയന്തര യോഗത്തിലാണ് വാക്കേറ്റം നടന്നത്. കേരള ബാങ്ക് പുത്തൻചന്ത ശാഖയിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ രണ്ട് സ്ത്രീകൾ വ്യാജ രേഖകൾ ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി എൽ.ഡി.എഫ് ഭരണസമിതി വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും, കോൺഗ്രസും ശക്തമായ നിലപാടുകളുമായി രംഗത്ത് വരികയും ഇതിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ നഗരസഭ ചെയർമാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷങ്ങൾ രംഗത്ത് എത്തിയതോടെയാണ് വാദപ്രതിവാദങ്ങൾ നടന്നത്. സി.ഡി.എസ്‌ ചെയർപേഴ്സണെതിരെ നിലപാട് സ്വീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷങ്ങൾ പ്രതിഷേധവുമായി ചെയർമാനെതിരെ രംഗത്തെത്തിയത്. സി.ഡി.എസ് ചെയർപേഴ്സണായ ഭവാനിയമ്മയെ മാറ്റി നിറുത്തി വിജിലൻസ് അന്വേഷണമാണ് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ പ്രാഥമികമായ തെളിവുകൾ ഒന്നും പൊലീസ് ശേഖരിച്ചിട്ടില്ലെന്നും അതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കുറ്റക്കാരായവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കുടുംബശ്രീ മിഷന് കത്ത് നൽകിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ കെ.എം. ലാജി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ കുടുംബശ്രീ ചെയർപേഴ്സണെ നീക്കംചെയ്യാൻ നിയമപരമായി യാതൊരുവിധ നിയമങ്ങൾ ഇല്ലെന്നും കൗൺസിൽ യോഗത്തിൽ ഉയർന്നുവന്ന പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കേണ്ടത് ജില്ല കുടുംബശ്രീ മിഷനാണെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി. വർക്കല നഗരസഭ കൗൺസിലർമാരുടെ എല്ലാ പൊതു അഭിപ്രായങ്ങളും മാനിക്കുന്നുവെന്നും കുടുംബശ്രീയിലെ സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്നതിന് അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് ബുദ്ധിമുട്ടില്ലെന്നും ചെയർമാൻ കെ. എം. ലാജി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.