തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശി സുനിതയെ ഭർത്താവ് ജീവനോടെയാണ് കത്തിച്ചതെന്ന് മുൻ ഫോറൻസിക് മേധാവി ഡോ.കെ.ശ്രീകുമാരി കോടതിയിൽ മൊഴി നൽകി. കത്തിക്കുമ്പോൾ സുനിത അർദ്ധ അബോധാവസ്ഥയിൽ ആയിരുന്നെന്നും ജീവൻ ഉണ്ടായിരുന്നതായും ഡോക്ടർ മൊഴിനൽകി.സുനിതയെ ബോധരഹിതയാക്കാനായി മർദ്ദിച്ച മൺവെട്ടി കൈയും കമ്പും ഡോക്ടർ കോടതിയിൽ തിരിച്ചറിഞ്ഞു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.സുനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിൽ കണ്ട ചതവുകൾ കമ്പ് ഉപയോഗിച്ചുളള അടി കൊണ്ടും ബോധക്ഷയം സംഭവിച്ചത് മൺവെട്ടി കൈ കൊണ്ട് തലക്കേറ്റ അടിയാണെന്നും ഡോക്ടർ കോടതിയെ അറിയിച്ചു. സുനിതയുടെ പ്രായം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ലെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഡോക്ടർ മറുപടി നൽകി.2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി ജോയ് ആന്റണി ഭാര്യയായ സുനിതയെ തലയക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്.കരിഞ്ഞ മൃതദേഹം പ്രതി മൂന്ന് കഷ്ണങ്ങളാക്കി വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളി. പ്രതിക്ക് വേണ്ടി ക്ലാരൻസ് മിറാൻഡയും പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനും ഹാജരായി.