general

ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ വാഹനയാത്രക്കാർക്ക് ഭീഷണിയായി മാറിയ കുഴികളടയ്ക്കാൻ നടപടിയായി. ബാലരാമപുരം–കാട്ടാക്കട റോഡിന്റെ പുനഃരുദ്ധാരണത്തിന് നേരത്തെ 8.5 കോടി അനുവദിച്ചെങ്കിലും ടാറിംഗ് ജോലികൾ ഊരൂട്ടമ്പലത്തിന് സമീപം നിറുത്തിവച്ചിരുന്നു. ഇതിനിടയിൽ സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിന് സമീപം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ജോലികൾ ആരംഭിച്ചതിനാൽ റോഡിന്റെ പുനഃരുദ്ധാരണജോലികൾ പൂർണമായി തടസ്സപ്പെടുകയായിരുന്നു. എരുത്താവൂർ മുതൽ ചപ്പാത്ത്, ബാലരാമപുരം പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് നടുവിലെ വൻകുഴികളാണ് വാഹനയാത്രക്കാർക്ക് വെല്ലുവിളിയുയർത്തുന്നത്. സമാനരീതിയിൽ ബാലരാമപുരം ദേശീയപാതയിൽ വഴിമുക്ക് മുതൽ ബാലരാമപുരം വരെയുള്ള അപകടക്കുഴികൾ വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മെറ്റലിട്ട് കഴിഞ്ഞ ദിവസം നികത്തിയിരുന്നു. ഇതേരീതിയിൽ എരുത്താവൂർ മുതൽ ബാലരാമപുരം വരെയുള്ള അപകടക്കുഴികൾ അടിയന്തരമായി നികത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാർ പരാതി അറിയി​ച്ചെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

 ടാറിംഗ് ഇനിയും ബാക്കി
നബാർഡിന്റെ സഹായത്തോടെ ബി.എം.ആൻഡ്.ബിസി പദ്ധതിയിൽ ദീർഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തി ഉച്ചക്കട മുതൽ ബാലരാമപുരം ഫെഡറൽ ബാങ്കിന് മുൻവശം വരെ ആരംഭിച്ച ടാറിംഗ്

മൂന്ന് വർഷം മുമ്പ് പൂർത്തീകരിച്ചിരുന്നു. ബാലരാമപുരം മുതൽ എരുത്താവൂർ ചപ്പാത്ത് വരെയുള്ള ഭാഗമാണ് ഇനി ടാറിടാനുള്ളത്.

 കുഴികളടക്കും

പൈപ്പ്ലൈനിന്റെ പണികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ പുന:രുദ്ധാരണജോലികൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. വാട്ടർ അതോറിട്ടിയും ദേശീയപാത വിഭാഗവുമായി ഇതുസംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നിരുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ പണികൾ പൂർണമായതിനാൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഈയാഴ്ച തന്നെ കുഴികളടച്ച് റോഡിന്റെ പുന:രുദ്ധാരണം ആരംഭിക്കാൻ നടപടിയായിട്ടുണ്ട്.