പൂവാർ: മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവ് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 2 പേർക്ക് പരിക്കേറ്റു. കാഞ്ഞിരംകുളം മണ്ണക്കൽ പൊറ്റവിളയിലാണ് സംഭവം. അമിത വേഗതയിൽ പാഞ്ഞുവന്ന കാറിനെ കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാഹനം നിറുത്താതെ പോയ കാഞ്ഞിരംകുളം മണ്ണക്കൽ സ്വദേശി കിരണിന്റെ വീട്ടിലെത്തിയ തൊഴിലാളികൾ അയാളെ തടഞ്ഞുവച്ച് കാഞ്ഞിരംകുളം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നെല്ലിമൂട് ചരുവിള പുത്തൻ വീട്ടിൽ സാവിത്രി(62),പയറ്റുവിള ഇടത്തേക്കോണം പ്ലാവിള വീട്ടിൽ ശാരദ (62) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന 50 ഓളം തൊഴിലാളികൾക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് കാർ പാഞ്ഞു കയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കാർ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.