തിരുവനന്തപുരം:നഗരസഭയിലെ അഴിമതി വിരുദ്ധ സമരങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച എൽ.ഡി.എഫ് നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി .രാജേഷ്. ഭരണകൂടങ്ങൾ അഴിമതിക്കൂടാരമാകുമ്പോൾ ശക്തമായ സമരങ്ങളുണ്ടാകും.അതിനെ രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യുന്നതിന് പകരം കോടതിയുത്തരവിലൂടെ അഴിമതി ഭരണത്തിന് അംഗീകാരം വാങ്ങാമെന്ന ചിന്താഗതി പരിഹാസ്യമാണ്. കേസന്വേഷണം അട്ടിമറിക്കുന്നതോടൊപ്പം അക്രമികളായ പൊലീസ് ഉദ്യോഗസ്ഥരെയുൾപ്പെടെ വിന്യസിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമം. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് രാജേഷ് കൂട്ടിച്ചേർത്തു.