തിരുവനന്തപുരം: സ്ത്രീ സുരക്ഷിത നഗരമെന്ന് വിളിക്കപ്പെട്ടിരുന്ന തലസ്ഥാന നഗരത്തിൽ അടുത്തിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ക്രമസമാധാന പാലനത്തിന്റെ പോരായ്‌മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒറ്റയ്‌ക്കും കൂട്ടമായും നൂറുകണക്കിന് പേരാണ് പുലർച്ചെ നടക്കാനെത്തുന്നത്.
കഴിഞ്ഞ മാസം ഒടുവിൽ മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് കാണിച്ച നിസംഗതയാണ് സമാന രീതിയിൽ സംഭവം ആവർത്തിക്കാൻ കാരണമായതെന്നാണ് ആക്ഷേപം.
ഇന്നലെ രാവിലെ 6.30ഓടെയാണ് 28കാരി വഞ്ചിയൂരിൽ നടക്കാനിറങ്ങിയത്. സ്ഥിരമായി നടക്കുന്ന വഴിയിലൂടെയാണ് ഇന്നലെയും നടന്നത്. ഈ റോഡിൽ അതിരാവിലെ വാഹനത്തിരക്ക് കുറവായതിനാൽ നിരവധി പേർ നടക്കാനെത്തുന്നുണ്ട്. വഞ്ചിയൂർ കോടതിയുടെ പിറകുവശത്തെ കോടതി സ്റ്റാഫിന്റെ ക്വാർട്ടേഴ്‌സിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി ശ്രീജിത് കറുത്ത സ്‌കൂട്ടറിലെത്തി കോടതിയിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുകൊടുത്ത് തിരിഞ്ഞുനടന്ന യുവതിയെ പിറകിൽ നിന്ന് വായ പൊത്തിപ്പിടിച്ചാണ് അതിക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച യുവതി റോഡിൽ വീഴുകയും ചെയ്‌തു. ഈ സമയം അക്രമി സ്‌കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.
മെലിഞ്ഞ ശരീരപ്രകൃതമുള്ള യുവാവ് ഷോർട്സും ഫ്ലൂറസെന്റ് ഓറഞ്ച് നിറത്തിലുള്ള ടീഷർട്ടും ധരിച്ച് കറുത്ത നിറത്തിലുള്ള സ്‌കൂട്ടറിലാണെത്തിയതെന്ന യുവതിയുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് സഹായകമായത്. തുടർന്ന് പൊലീസ് ദ്രുതഗതിയിൽ മുഴുവൻ റോഡിലെയും സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.