ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു


ഉള്ളൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തം. പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പി.ജി ഡോക്ടർമാർ 12മണിക്കൂർ സമരം ചെയ്യും.രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സമരം.ഒ.പി, വാർഡുകൾ എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. അത്യാഹിതവിഭാഗം,ഐ.സി.യു, ലേബർ റൂം എന്നിവിടങ്ങളെ പ്രവർത്തനം ബാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാർക്ക് പിന്തുണയുമായി ഐ.എം.എയും രംഗത്തെത്തി.നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലുടനീളം സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവനും അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയും കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയിരുന്നു.സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ ബുധനാഴ്ച പുലർച്ചെയാണ് ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരി ആക്രമിക്കപ്പെട്ടത്.ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിച്ചക്കാല ടി.ബി ജംഗ്ഷൻ പുതുമനയിൽ ശുഭയുടെ ഭർത്താവ് സെന്തിൽകുമാറാണ്(53) ഡോക്ടറെ ആക്രമിച്ചത്.അപ്രതീക്ഷിത ആക്രമണത്തിൽ അടിവയറ്റിൽ ക്ഷതമേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.ഭാര്യയുടെ സംസ്‌കാരത്തിന് ശേഷം രക്തസമ്മർദ്ദം താഴുകയും മറ്റ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സെന്തിൽകുമാർ കുഴഞ്ഞു വീണു.തുടർന്ന് നെടുങ്ങോലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് . പ്രതിയുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ കസ്റ്റഡിയിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.