story

തിരുവനന്തപുരം: കേരളനടനം ഹൈസ്കൂൾ, എച്ച്.എസ്.എസ് ഫലം വന്നപ്പോൾ ഏറെ സന്തോഷിച്ചതും അഭിമാനിച്ചതും കഴക്കൂട്ടം സ്വദേശി സുൽത്താന നജീബാണ്.ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയത് 26കാരിയായ സുൽത്താനയുടെ ശിഷ്യരാണ്.എച്ച്.എസ് വിഭാഗത്തിൽ മുടപുരം എസ്.എസ്.എം എച്ച്.എസ്.എസിലെ സാന്ദ്ര കൃഷ്ണനും എച്ച്.എസ്.എസ് വിഭാഗത്തിൽ കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ശിവദുർഗയും.സാന്ദ്ര അപ്പീൽ കൊടുത്താണ് ജില്ലാതലത്തിൽ മത്സരിക്കാനെത്തിയത്. ശാസ്താവട്ടം സ്വദേശിയായ സാന്ദ്ര ആറാം ക്ലാസ് മുതൽ കലോത്സവങ്ങളിൽ സജീവമാണ്. നിലവിൽ ഒൻപതാം ക്ളാസിൽ പഠിക്കുന്നു.കഴക്കൂട്ടം മേനംകുളം സ്വദേശിയായ ശിവദുർഗ അഞ്ചു വയസു മുതൽ നൃത്തം പഠിക്കുന്നുണ്ട്.ഹൈസ്‌കൂൾ മുതൽ മത്സരങ്ങളിൽ സജീവമാണ്. കലോത്സവങ്ങളിൽ തുടർച്ചയായി ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന ആളാണ് ഇരുവരുടെയും ഗുരുവായ സുൽത്താന.രണ്ട് കൊല്ലം കൊണ്ട് കേരളനടനത്തിൽ സുൽത്താന പരിശീലിപ്പിക്കുന്ന കുട്ടികൾ മത്സരിക്കുന്നുണ്ട്.ചിലങ്ക സ്‌കൂൾ ഒഫ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സുൽത്താന മുസ്ലിം അസോസിയേഷൻ കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്.