deepa-

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും ചുവപ്പ് നാടയിലും കുരുങ്ങി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിധവയായ ഒരമ്മയും 80 ശതമാനം ഓട്ടിസം ബാധിച്ച മകളും തലചായ്ക്കാൻ ഇടമില്ലാതെ നട്ടംതിരിയുന്നു. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ ബന്ധുവിന്റെ കാരുണ്യത്തിൽ ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കെ.ജയയും, മകൾ ജെ.ദീപയുമാണ്(31) ദുരിത ജീവിതം നയിക്കുന്നത്.

2010 മുതൽ ജയ സ്വന്തമായൊരു വീടിനായി കേറാത്ത സർക്കാർ ഓഫീസുകളില്ല. തങ്ങൾക്ക് വീടിന് അർഹതയുണ്ടെന്ന് വ്യക്തമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ജയയുടെ പരാതി.

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഐസ്ക്രീം വില്പന നടത്തിയിരുന്ന ജയയുടെ ഭർത്താവ് സ്റ്റീഫൻ 2009ലാണ് മരിച്ചത്.

ഇപ്പോൾ അവിടെത്തന്നെ പോപ്പ്കോൺ വിറ്റാണ് ജയ നിത്യവൃത്തിക്കും മകളുടെ ചികിത്സയ്ക്കുള്ള പണവും കണ്ടെത്തുന്നത്.

2018ൽ നഗരസഭയുടെ ബി.എസ്.യു.പി പദ്ധതിപ്രകാരം ദീപയുടെ വീടിനായുള്ള അപേക്ഷ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിഷയത്തിൽ ഇടപെട്ട് 2019ൽ കളക്ടർക്ക് കത്തയച്ചു.

തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നതെന്നും ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഓട്ടിസം ബാധിതയായ കുട്ടിയെ എൽ.എം.എസ് കോംബൗണ്ടിലുള്ള പകൽസമയ പരിചരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് ദുഷ്കരമാണെന്നതടക്കം സൂചിപ്പിച്ച് വീട് നൽകാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ തഹസിൽദാർക്ക് 2020 ഫെബ്രുവരിയിൽ കത്തയച്ചു.

പിന്നാലെ തഹസിൽദാർ കവടിയാർ വില്ലേജ് ഓഫീസർക്ക് ഭൂമി കണ്ടെത്തി റിപ്പോർട്ട് നൽകാൻ മാർച്ചിൽ മറ്റൊരു കത്തയച്ചു. ഇതിലൊന്നും നടപടിയുണ്ടാകാതെ വന്നതോടെ ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജൂണിൽ കുടുംബത്തിന്റ വിഷമങ്ങൾ മനസിലാക്കിയ മന്ത്രി കെ.രാധാകൃഷ്ണന്റെ ഇടപെടലിനെത്തുടർന്ന് തഹസിൽദാർ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വില്ലേജുകളിലേക്കും കത്തയച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ ഭൂരഹിത പുനരധിവാസ പദ്ധതി വഴി കുടുംബത്തിന് ഭൂമി കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്നാൽ അഞ്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല.

ഇത്രയധികം ഇടപെടലുകൾ ഉണ്ടായിട്ടും നടപടിയുണ്ടാക്കാത്തതിന്റെ കടുത്ത നിരാശയിലാണ് ജയയും മകളും.