photo

സംസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കുതിച്ചുയരുന്നു. 20 ലക്ഷത്തിലേറെ കേസുകളാണ് ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി തീർപ്പാകാതെ കിടക്കുന്നത്. 2019ൽ ഇത് 16 ലക്ഷമായിരുന്നു.

1968 മുതലുള്ള ചില സിവിൽ കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നുണ്ട്. സിവിൽ, ക്രിമിനൽ വിഭാഗങ്ങളിലായി ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 30 ശതമാനവും അഞ്ചു മുതൽ പത്തുവർഷംവരെ പഴക്കമുള്ളതാണെന്ന് ദേശീയ ജുഡിഷ്യൽ ഡേറ്റ ഗ്രിഡിലെ കണക്കുകൾ വ്യക്തമാക്കുന്നു.

കേസുകൾ സമയബന്ധിതമായി തീർപ്പാക്കിയില്ലെങ്കിൽ ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകാൻ ഇടയാകുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം ഒരു വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 3.82 ലക്ഷം കേസുകൾ. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്, 2.99 ലക്ഷം കേസുകൾ. കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണ്.

രാജ്യത്താകെ കോടിക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ‌ം കിട്ടുന്നതിന് മുമ്പ് തുടങ്ങിയ കേസുകളും ഇതിൽപ്പെടുന്നു. സുപ്രീംകോടതിയിൽ മാത്രം 69,781 കേസുകൾ തീർപ്പാകാനുണ്ട്. ഇതിൽ 489 കേസുകൾ ഭരണഘടനാ ബെഞ്ചുകൾ പരിഗണിക്കേണ്ടവയാണ്. രാജ്യത്തെ ഹൈക്കോടതികളിൽ തീർപ്പാകേണ്ടത് 60 ലക്ഷത്തോളം കേസുകളാണ്. കോടതി നടപടികൾ ഇഴഞ്ഞുനീങ്ങുന്നതാണ് കേസുകളുടെ തീർപ്പ് വൈകാൻ പ്രധാന കാരണം. നിലവിലുള്ള രീതി അനുസരിച്ച് ഒരു കേസ് എത്രതവണ വേണമെങ്കിലും മാറ്റിവയ്ക്കാം. ഇത് അവസാനിപ്പിച്ചാൽ തന്നെ കേസുകളുടെ എണ്ണം കുറയും. കേസുകൾ വിവിധ കാറ്റഗറികളായി തിരിച്ച് അദാലത്തുകൾ നടത്തിയും പരിഹരിക്കാനാവും. കോടതികൾ ഈ മാർഗം അവലംബിക്കുന്നുണ്ടെങ്കിലും വിചാരിക്കുന്നത്ര പുരോഗതി കൈവരിക്കാനായിട്ടില്ല. ന്യായാധിപരുടെയും കോടതികളുടെയും കുറവ് പരിഹരിക്കാനുള്ള ശ്രമവും ഇതിനൊപ്പം ഉണ്ടാകണം.

കേസുകൾ കെട്ടിക്കിടക്കാൻ കാരണം കോടതികൾ മാത്രമല്ല. പ്രോസിക്യൂഷന്റെയും അഭിഭാഷകരുടെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള സഹകരണം കൂടുതൽ ഉണർവോടെ ഉണ്ടായാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. അഭിഭാഷകരെ സംബന്ധിച്ച് കേസുകൾ നീണ്ടുപോയാൽ അത്ര‌യും കാലം കക്ഷികളിൽനിന്ന് ഫീസ് വാങ്ങാം. കേസുകൾ തീർപ്പാക്കാൻ ആധുനിക ടെക്‌നോളജി എങ്ങനെ ഉപയോഗിക്കാമെന്ന് ഫലപ്രദമായി പഠിച്ച് നടപ്പിൽ വരുത്തേണ്ടതാണ്. വൈകി ലഭിക്കുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്. അതിനാൽ ഇത് പരിഹരിക്കാൻ കോടതികളും സർക്കാരും ഒരുപോലെ ശ്രമിക്കേണ്ടതുണ്ട്. കൊളീജിയം നൽകുന്ന ജഡ്‌ജിമാരുടെ നിയമനം സംബന്ധിച്ച ശുപാർശകൾ അനന്തമായി വച്ചുതാമസിപ്പിക്കുന്ന പതിവ് രീതി സർക്കാർ ഉപേക്ഷിക്കണം. ഒപ്പം കോടതികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയും വേണം.