കടയ്ക്കാവൂർ: വൈദ്യുതിബന്ധം കട്ട് ചെയ്തതോടെ അഞ്ചുതെങ്ങ് മത്സ്യഭവൻ ഇരുട്ടിലായി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഭവനാണ് ദിവസങ്ങളായി വൈദ്യുതിയില്ലാത്തതിനെ തുടർന്ന് ഇരുട്ടിലായിരിക്കുന്നത്. നിലവിൽ മത്സ്യഭവൻ പ്രവർത്തിക്കുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ്. നിലവിൽ സർക്കാർ സേവനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ സേവനങ്ങളാണ്. അതിനാൽ തന്നെ ദിവസേന വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മത്സ്യത്തൊഴിലാളികളും സ്ഥാപനത്തിലെ ജീവനക്കാരും ചക്രശ്വാസം വലിക്കുകയാണ്. നിലവിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈൽ ഫോണും മെഴുകുതിരി വെളിച്ചവും പ്രയോജനപ്പെടുത്തിയാണ് ഓഫീസ് പ്രവർത്തനം. അഞ്ചുതെങ്ങ് മത്സ്യഭവനിൽ വൈദ്യുതി ഇല്ലാതെയായിട്ട് 14 ദിവസമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.