
സെർവർ തകരാറിന്റെ പേരിൽ റേഷൻ വിതരണം വീണ്ടും കുഴഞ്ഞുമറിയുകയാണ്. മൂന്നുനാലു ദിവസങ്ങളായി പല കടകളിലും റേഷൻ വിതരണം ഇടയ്ക്കിടെ തടസപ്പെടുന്നു. കാർഡുടമകൾ പലതവണ കടകളിലെത്തി അന്വേഷിക്കേണ്ട സ്ഥിതിയാണ്. സെർവർ 'ഇപ്പ ശരിയാകുമെന്ന' പ്രതീക്ഷയിൽ ഏറെനേരം കാത്തുനിന്നശേഷം മടങ്ങിപ്പോകേണ്ടിവരുന്നതും സാധാരണമാണ്. സാധാരണക്കാർ കടയിലെത്തുമ്പോഴാണ് മെഷീൻ പിണക്കത്തിലാണെന്ന് അറിയുന്നത്. മാസത്തിൽ പലതവണ ഇങ്ങനെ സംഭവിക്കാറുണ്ട്. റേഷൻ വിതരണം ശാസ്ത്രീയവും സുഗമവും ക്രമക്കേടില്ലാതെയും നടത്താൻ വേണ്ടി കൊണ്ടുവന്ന ഒരു സംവിധാനം ഇത്തരത്തിൽ ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിലായിയിട്ടും അതിനു ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
രാജ്യത്ത് ഒട്ടേറെ സേവനങ്ങൾ ഓൺലൈൻ ആയിക്കഴിഞ്ഞു. റേഷൻ വിതരണത്തിനായി ഏർപ്പെടുത്തിയ കമ്പ്യൂട്ടർ സംവിധാനം ഇത്തരത്തിൽ കൂടക്കൂടെ തകരാറിലാകുന്നതും ദിവസങ്ങളോളം പരിഹരിക്കപ്പെടാതെ കിടക്കുന്നതും ഇതിനു ചുമതലപ്പെട്ടവരുടെ ശുഷ്കാന്തിക്കുറവായിട്ടേ കാണാനാവൂ. തൊണ്ണൂറുലക്ഷം കാർഡുകൾ മാത്രമാണ് റേഷൻ സംവിധാനത്തിലുള്ളത്. റേഷൻ കടകൾക്കായുള്ള സെർവറിന് ഇത്രയും കാർഡുകൾ കൈകാര്യം ചെയ്യാൻ തക്ക ശേഷിയില്ലെങ്കിൽ കൂടുതൽ ശേഷിയുള്ള സെർവർ സ്ഥാപിക്കണം. അഥവാ മറ്റ് സാങ്കേതിക തകരാറുണ്ടെങ്കിൽ അതു പരിശോധിച്ച് പ്രശ്നം പരിഹരിക്കണം. റേഷൻ വാങ്ങാനെത്തുന്നവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരായതിനാൽ അവർക്ക് ഇതൊക്കെ മതിയെന്നാണോ കരുതുന്നത്. വിവരസാങ്കേതിക മേഖലയിൽ അനേകലക്ഷം പേർ പണിയെടുക്കുന്ന നാടാണിത്. എല്ലാ മേഖലകളിലും ഐ.ടി വിദഗ്ദ്ധരും സുലഭമാണ്. സർക്കാർ സംവിധാനങ്ങൾ മാത്രം നേരെ ചൊവ്വേ പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണെന്ന് വിദഗ്ദ്ധരെ വച്ച് അന്വേഷിക്കേണ്ട സമയമായി. റേഷൻ വിതരണം മാത്രമല്ല സെർവർ തകരാർ മൂലം ഇടയ്ക്കിടെ പണിമുടക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിലും കൂടക്കൂടെ ഈ ഭൂതം കടന്നെത്താറുണ്ട്. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഈ പുതിയ സംവിധാനത്തിലേക്കു മാറ്റിയതിനാൽ അതു തകരാറിലായാൽ എല്ലാം മുടങ്ങും. രജിസ്ട്രേഷനായി ആൾക്കാരുമായി സബ് രജിസ്ട്രാർ ഓഫീസിലെത്തുന്നവർക്ക് യഥാസമയം അതു നടക്കാതിരുന്നാലുള്ള ബുദ്ധിമുട്ടും പങ്കപ്പാടും വളരെയധികമാണ്. സമാന സ്ഥിതിയാണ് മോട്ടോർ വാഹന വകുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലുമൊക്കെ ഉള്ളത്. 'നെറ്റ്" കിട്ടുന്നില്ലെന്നു പറഞ്ഞ് ആവശ്യക്കാരെ മടക്കി അയയ്ക്കുന്ന പതിവ് ഇന്ന് ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലുമുണ്ട്. അത്ഭുതമെന്നു പറയട്ടെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇത്തരം 'നെറ്റ് മുടക്കം" അത്യപൂർവവുമാണ്.
ഭരണം സമ്പൂർണമായി ഇ - ഗവേണൻസിലൂടെയാക്കാൻ പാടുപെടുന്ന സർക്കാർ, ജനം ഏറ്റവും കൂടുതൽ ഇടപെടേണ്ടിവരുന്ന ഓഫീസുകളിലെ ഇ - ഗവേണൻസ് പുരോഗതി സമഗ്രമായി പരിശോധിക്കുന്നത് നന്നായിരിക്കും. സെർവർ തകരാർ കൊണ്ടുമാത്രം സംസ്ഥാനത്ത് ഇപ്പോൾ റേഷൻ വിതരണത്തിന് മേഖല തിരിച്ച് പുതിയ സമയക്രമീകരണം ഏർപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട സെർവർ തകരാർ ഒരാഴ്ചയ്ക്കകം പരിഹരിക്കാനാവുന്നില്ലെങ്കിൽ നിയന്ത്രണം നീട്ടേണ്ടിവരും.
സ്വന്തമായി റോക്കറ്റും ഉപഗ്രഹങ്ങളും പടക്കപ്പലും യുദ്ധവിമാനങ്ങളും വരെ നിർമ്മിക്കാൻ ശേഷിയുള്ള രാജ്യത്തിന് ചെറിയൊരു സെർവർ തകരാർ ശാശ്വതമായി പരിഹരിക്കാൻ സാധിക്കാത്തത് അവിശ്വസനീയം തന്നെ. എന്തായാലും മാസത്തിൽ പലകുറി സാങ്കേതിക തകരാറുകൾ മൂലം സർക്കാർ സേവനങ്ങൾ മുടങ്ങുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലാത്തതാണ്.