തിരുവനന്തപുരം:വിഴിഞ്ഞം സമരസമിതിക്കുള്ളിലെ ഭിന്നിപ്പിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി ഇന്നലെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നില്ല. വ്യാഴാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ.വെള്ളിയാഴ്‌ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്‌ചയിച്ചാണ് അനൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്. രാവിലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം വൈകിട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പുമായി ഔദ്യോഗിക ചർച്ച നടത്തി സമരം അവസാനിച്ചതായുള്ള സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. രാവിലെ പത്ത് മണിക്കുള്ള ചർച്ചയ്‌ക്കായി ചീഫ്‌സെക്രട്ടറി വി.പി.ജോയി 9.45ന് സെക്രട്ടേറിയറ്റിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ചേംബറിൽ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. രൂപത അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നെങ്കിലും സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ടെന്നായിരുന്നു അതിരൂപത അധികൃതർ അറിയിച്ചത്.

സമരം തുടരാൻ ധാരണ

കടുത്ത ഭിന്നതയ്‌ക്കിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം തുടരാൻ സമരസമിതിയുടെയും ലത്തീൻ അതിരൂപതയുടെയും തീരുമാനം.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സമരസമിതിയുടെ യോഗത്തിലും വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ചേർന്ന വൈദികരുടെ ചർച്ചയിലുമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം,തുറമുഖ നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിഴിഞ്ഞം മദർപോർട്ട് ആക്ഷൻസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഏലിയാസ് ജോണിന്റെ രക്തസമ്മർദ്ദം കൂടുതലാണെന്ന് അദ്ദേഹത്തെ ഇന്നലെ പരിശോധിച്ച ഡോക്‌ടർമാർ വിലയിരുത്തി. തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം കഴിഞ്ഞദിവസം ഏലിയാസ് ജോണിനെ സന്ദർശിച്ചു.

കരിങ്കല്ല് എത്തിയില്ല

ഇന്നലെ പദ്ധതിപ്രദേശത്ത് കരിങ്കല്ല് എത്തിക്കാനായിരുന്നു അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ തീരുമാനമെങ്കിലും സമരസമിതി പന്തൽ നീക്കാത്തതിനാൽ ലോഡ് നീക്കം നടന്നില്ല. സമരക്കാരുമായി നേരിട്ട് ഏറ്റുമുട്ടാൻ തുറമുഖ നിർമ്മാണ കമ്പനി തയ്യാറല്ല. കാത്തുനിൽക്കാനാണ് തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. ചരക്ക് നീക്കം നടക്കുമെന്ന് പ്രതീക്ഷിച്ച് ഇന്നലെ സമരസമിതി പന്തലിൽ കൂടുതൽ സമരക്കാരെത്തി.

'മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. പദ്ധതിയെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ അതിജീവിക്കും.'

അഹമ്മദ് ദേവർകോവിൽ

തുറമുഖ വകുപ്പ് മന്ത്രി