college

തിരുവനന്തപുരം: ജോലിക്കും ഉപരിപഠനത്തിനുമുള്ള ആദ്യ അവസരം തന്നെ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും വിധം കേരളത്തിലെ സർവകലാശാലകളിൽ സിലബസ് ലോകനിലവാരത്തിൽ പരിഷ്‌കരിച്ച് പുതിയ പാഠ്യപദ്ധതി അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കും.

രാജ്യവ്യാപകമായി സമാനമായ സിലബസിന് മുൻതൂക്കം നൽകണമെന്ന യു.ജി.സി നിർദ്ദേശവും, പഠനവിഷയങ്ങൾ ആഗോള തൊഴിൽ അവസരങ്ങൾക്കും മത്സര പരീക്ഷകൾക്കും ഉപയോഗപ്പെടണമെന്ന സംസ്ഥാന സർക്കാരിന്റെ താല്പര്യവും കണക്കിലെടുത്താണ് പരിഷ്കരണം. ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലടക്കം ഇത് നടപ്പാക്കും. പരീക്ഷാ സമ്പ്രദായത്തിലെ ന്യൂനതകൾ പരിഹരിക്കാനും നീക്കമുണ്ട്. ബിരുദ കോഴ്സുകളുടെ സിലബസ് രണ്ടു വർഷത്തിലൊരിക്കലും, പി.ജിയുടേത് മൂന്നു വർഷത്തിലൊരിക്കലും പരിഷ്‌കരിക്കുന്ന സംവിധാനവും വന്നേക്കും.

ഓരോ സർവകലാശാലയിലും ഓരോ വിഷയത്തിനും ചുമതലയുള്ള ബോർഡ് ഒഫ് സ്റ്റഡീസാണ് ഉള്ളടക്കം തീരുമാനിക്കുന്നത്. ഇതിനുള്ള പൊതുമാനദണ്ഡം സർക്കാർ നൽകും. ഈ പരിഷ്കരണം അക്കാഡമിക് കൗൺസിലുകൾ അംഗീകരിക്കണം.

കേരളത്തിലെ പഴഞ്ചൻ സിലബസും പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാവുന്ന അനിശ്ചിതാവസ്ഥയും കാരണം കുട്ടികൾ ഉപരിപഠനം അന്യ സംസ്ഥാനങ്ങളിലാക്കുന്നു. 4000 ബിരുദ സീറ്റുകളാണ് ഇക്കൊല്ലം ഒഴിഞ്ഞു കിടക്കുന്നത്. മറ്റിടങ്ങളിലെ പി.ജി പ്രവേശന പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾക്ക് മുന്നേറാനും കഴിയുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെയടക്കം ഉൾപ്പെടുത്തി ഈ മാസം 28,29 തീയതികളിൽ സിലബസ് പരിഷ്കരണ ശിൽപ്പശാല നടത്തും.

# പരീക്ഷാ മാർക്കിലും മാറ്റം

(നിലവിലുള്ളത്, പരിഗണിക്കുന്നത് ബ്രാക്കറ്റിൽ)

ബിരുദ പഠനം:

എഴുത്തു പരീക്ഷ....... 80 (60)

ജയിക്കാൻ .................... 28 (21)

ഇന്റേണൽ..................... 20 ( 40)

ഹാജർ ............................. 90% (നിർബന്ധമില്ല)

ബിരുദാനന്തര പഠനം:

എഴുത്തു പരീക്ഷ....... 75 (നിശ്ചയിച്ചിട്ടില്ല)

ഇന്റേണൽ .................... 25 (നിശ്ചയിച്ചിട്ടില്ല)

ജയിക്കാൻ.....................

എഴുത്തു പരീക്ഷയ്ക്ക് 40 ശതമാനവും

രണ്ടിനും ചേർത്ത് 50 ശതമാനവും

( പുതിയ അനുപാതം നിശ്ചയിച്ചിട്ടില്ല)

ജോലി നഷ്ടപ്പെടാതിരിക്കാൻ

പ്രത്യേക സപ്ളിമെന്ററി

അവസാന സെമസ്റ്ററിലെ രണ്ട് വിഷയങ്ങളിൽ മാത്രം പരാജയപ്പെട്ടവർക്ക് തൊഴിലിനും ഉപരിപഠനത്തിനും അവസരമൊരുക്കാനും, ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുമായി പ്രത്യേക സപ്ലിമെന്ററി പരീക്ഷകൾ നടത്തും.

പുതിയ സബ്ജക്ടുകളിൽ

5 വർഷ അദ്ധ്യാപകർ

എല്ലാ സർവകലാശാലകളുടെയും സിലബസ് 75 ശതമാനമെങ്കിലും സമാനമായിരിക്കണമെന്നാണ് യു.ജി.സി നിർദ്ദേശം. ജോലി സാധ്യതയുള്ള പുതിയ പ്രോഗ്രാമുകൾക്ക് കു​റ്റമറ്റ സിലബസ് ഉറപ്പാക്കും. ഇവയിൽ 5 വർഷ കരാറിൽ അദ്ധ്യാപകരാവാം.

''ആഗോള നിലവാരത്തിലാവണം സിലബസ് പുതുക്കാൻ. ബോർഡ് ഒഫ് സ്റ്റഡീസിൽ അക്കാഡമിക് വിദഗ്ദ്ധരില്ലെങ്കിൽ പരിഷ്കരണം കൊണ്ട് ഗുണമില്ലാതാവും ''

-ഡോ.പി.കെ.രാധാകൃഷ്ണൻ

കേരളാ മുൻ വി.സി