
തിരുവനന്തപുരം: ബി.ടെക്, ബി.സി.എ ബിരുദധാരികൾക്കും ഇനി ബി.എഡ് നേടിയശേഷം യു.പി സ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55% മാർക്കോടെ വിജയിച്ചവർക്ക് ബി.എഡ് കോഴ്സിന് ചേരാം. ഇതിനൊപ്പം കെ-ടെറ്റ് യോഗ്യതയും നേടിയാൽ യു.പി അദ്ധ്യാപകരാവാൻ അപേക്ഷിക്കാം. ബി.എഡ് പ്രവേശനത്തിനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുളള ബി.ടെക്, ബി.സി.എ അടക്കം എല്ലാ ബിരുദങ്ങളെയും യു.പി സ്കൂൾ ടീച്ചർ നിയമനത്തിനുള്ള അക്കാഡമിക് യോഗ്യതയായി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവിറക്കി. ഇതിന് അനുസൃതമായി കെ.ഇ.ആർ ഭേദഗതി ചെയ്യും. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും മാറ്റം വരുത്തും.