വെമ്പായം: ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ ചൂളം വിളിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓരോ തിരഞ്ഞെടുപ്പിലെയും രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലയോര റെയിൽവേ. ഈ വർഷങ്ങൾക്കിടയിൽ നിരവധി സംസ്ഥാന,ദേശീയപാത റോഡ് നിർമ്മാണങ്ങളൊക്കെ നടന്നു. എന്നാൽ മലയോര റെയിൽവേ എന്നത് ഓരോ പ്രാവശ്യവും വാഗ്ദാനവും ജനങ്ങളുടെ സ്വപ്നവുമായി തുടരുകയാണ്.

ഇതുവഴി റെയിൽവേ പാത വന്നാൽ തിരുവനന്തപുരം - ചെന്നൈ യാത്രക്കാർക്കും നെടുമങ്ങാട്,പാലോട്,മടത്തറ,കുളത്തൂപ്പുഴ സ്ഥലങ്ങളിലുള്ള മലയോര പ്രദേശത്തെ യാത്രക്കാർക്കും വലിയൊരനുഗ്രഹമായേനെ. ഒപ്പം ജില്ലയിൽ ട്രെയിൻ ഗതാഗതം ഇല്ലാത്ത നെടുമങ്ങാടിന് ഒരു വികസന കുതിപ്പുമായേനെ. വർഷങ്ങൾക്ക് മുൻപ് ശബരി റെയിൽ പാതയുടെ ഭാഗമായി നെടുമങ്ങാടു വഴി പുതിയ മലയോര ലൈൻ സ്ഥാപിക്കാൻ സതേൺ റെയിൽവേ അനുമതി നൽകി അതിന്റെ സർവേ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇതുകൂടി സാദ്ധ്യമായിരുന്നെങ്കിൽ എരുമേലി - പുനലൂർ - തിരുവനന്തപുരം, പേരിനാട്,പത്തനാപുരം, പത്തനംതിട്ട,ചണ്ണപ്പേട്ട,ഭരതന്നൂർ,നെടുമങ്ങാട്, മുതുവിള പൗഡിക്കോണം റെയിൽ പാതയും, മലയോര പ്രദേശങ്ങളുടെ മലയോര റെയിൽവേ എന്ന ചിരകാല അഭിലാഷവും പൂർത്തിയായേനെ.

ദൂരം കുറഞ്ഞേനെ

മലയോര റെയിൽവേ എന്ന പദ്ധതി സാക്ഷാത്കരിച്ചിരുന്നങ്കിൽ ചെന്നൈയ്ക്കും മധുരയ്ക്കും തൂത്തുക്കുടിക്കും ശിവകാശിക്കുമൊക്കെ പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമായേനെ.

പാത നീട്ടിയാൽ പ്രശ്നം തീരും

ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽ പാതയുണ്ട്. അവിടെനിന്ന് പാത പാലോട് - നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക്‌ നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈയ്ക്കുള്ള ഏറ്റവും എളുപ്പമാർഗമാകുമായിരുന്നു. തെന്മലയിൽ നിന്ന് പാലോട് വഴി 60 കിലോമീറ്റർ പുതിയ പാതയുണ്ടാക്കിയാൽ ഇത് യാഥാർത്ഥ്യമാക്കാം. അങ്ങനെയായാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കുള്ള മലയോര പാതയാകും ഇത്. ഇപ്പോഴുള്ള തിരുവനന്തപുരം - കൊല്ലം - കൊട്ടാരക്കര - പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയായാനേ ഇത്.

മലയോര പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മലയോര റെയിൽവേ എന്ന പദ്ധതിയെക്കുറിച്ച് പാർലമെന്റിൽ അവതരിപ്പിക്കും.

അടൂർ പ്രകാശ് എം.പി