
പൂവാർ: സമൂഹത്തിൽ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന താഴേക്കിടയിലുള്ള ജനസമൂഹത്തിന്റെ ശബ്ദമാണ് കേരള കൗമുദിയെന്നും, ലഹരിക്കെതിരായ പത്രത്തിന്റെ പോരാട്ടത്തിലും നിഴലിക്കുന്നത് ആ സാമൂഹിക പ്രതിബദ്ധതയാണെന്നും റിട്ട.ജില്ലാ ജഡ്ജി പി.ഡി.ധർമ്മരാജ് പറഞ്ഞു. പൗരന്റെ അവകാശങ്ങളും കടമകളും ശരിയായി നിർവ്വഹിക്കപ്പെടുമ്പോഴാണ് നീതി ലഭ്യമാകുന്നത്. എല്ലാവർക്കും നീതി ലഭ്യമാകണമെങ്കിൽ നിയമത്തെക്കുറിച്ചുള്ള അജ്ഞത അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിയമ ദിനത്തോടനുബന്ധിച്ച് കേരള കൗമുദി ബോധപൗണ്ണമി ക്ലബ്ബും, ജനമൈത്രി പൊലീസും, ബാലരാമപുരം ലയൻസ് ക്ലബ്ബും സംയുക്തമായി കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച നിയമ, ലഹരി, സൈബർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ഡി.ധർമ്മരാജ്. ലഹരി വിപത്തിനെതിരെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിൽ കേരളകൗമുദി നടത്തുന്ന സേവനം മാതൃകാപരമാണെന്ന് സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ. പ്രസന്നകുമാർ ബോധ പൗർണ്ണമി പദ്ധതി വിശദീകരിച്ചു. ലഹരി മാഫിയകളുടെ കൈകളിൽ അകപ്പെടാതെ യുവതലമുറ കരുതലോടെ മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരംകുളം ഗ്രേഡ് എ എസ്.ഐ റോയി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സദസ് ഏറ്റുചൊല്ലി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അരുണ യു.ജി, ബാലരാമപുരം ലയൺസ് ക്ലബ്ബ് ബോർഡ് മെമ്പർ അഡ്വ.റ്റി.വി ഹേമചന്ദ്രൻ, ലയൺസ് ക്ലബ്ബ് മെമ്പർ അഡ്വ.എസ്.എസ്.ഷാജി, അഡ്വ.സഞ്ചയ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റോയി ബാലൻ, ജയചന്ദ്രൻ, പാർവ്വതി എസ്.നായർ തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്‌ഷനിൽ റാലി, നന്ദനും രാകേഷും സംഘവും അവതരിപ്പിച്ച ഫ്ലാഷ് മോബ്, ജനമൈത്രി പൊലീസ് അവതരിപ്പിച്ച തീക്കളി നാടകം എന്നിവയും ഉണ്ടായിരുന്നു.