
ബാലരാമപുരം: കല്യാണം ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വധുവിന്റെ പിതാവിന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി. കേസിലെ ആറാം പ്രതി ആർ.സി സ്ട്രീറ്റ് തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടിൽ ഷൈൻലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 12ന് വിഴിഞ്ഞം റോഡിൽ സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. ഇടവക വികാരി ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വൻ സംഘർഷമുണ്ടാകുകയായിരുന്നു. വിവാഹം ക്ഷണിച്ചില്ലെന്ന കാരണത്താൽ വിഴിഞ്ഞം സ്വദേശിയായ ബന്ധു വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ വധുവിന്റെ പിതാവ് അനിൽകുമാർ (51) മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ ഇരുപതോളം പേർക്കെതിരെയാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. സി.സി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ചും കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിൽ നിന്ന് കൂടുതൽ തെളിവെടുപ്പ് നടത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.