speekar

സംസ്‌കാരം ഇന്ന് തൃശൂരിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാനം യാത്രാമൊഴി നൽകി. മൃതദേഹം ഇന്നലെ രാത്രി തൃശൂർ പാലയ്ക്കൽ ചൊവ്വൂർ ഹരിശ്രീ നഗറിലെ ഇയ്യക്കാട്ടില്ലം വീട്ടിൽ എത്തിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ ഒന്നുവരെ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം രണ്ട് മണിക്ക് പൂങ്കുന്നം എം.എൽ.എ റോഡിലെ ശാന്തിഘട്ടിൽ സംസ്‌കാരം നടക്കും.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വഞ്ചിയൂരിൽ അദ്ദേഹം താമസിച്ചിരുന്ന ആർ.പി അപാർട്ട്മെന്റിൽ പൊതുദർശനത്തിന് വച്ചു. പിന്നീട് തൈക്കാട് ഭാരത് ഭവനിലെത്തിച്ചു. കലാസാംസ്‌കാരിക,​ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അവിടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സ്‌പീക്കർ എ.എൻ. ഷംസീർ, ജോൺ ബ്രിട്ടാസ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എ.വിൻസെന്റ്, ഐ.ബി.സതീഷ്, രാഷ്ട്രീയ നേതാക്കളായ പാലോട് രവി, സി.പി.ജോൺ, എം.എം.ഹസൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, ഡോ.കെ. ഓമനക്കുട്ടി, പ്രൊഫ. വി. മധുസൂദനൻനായർ, ഡോ. ജോർജ് ഓണക്കൂർ, മുരുകൻ കാട്ടാക്കട,​ എം.രാജീവ്കുമാർ, വിനോദ് വൈശാഖി, ബാബു കുഴിമറ്റം, സി. അനൂപ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ടോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ ഗിരിജയും മകൾ വർഷയും മറ്റ് ബന്ധുക്കളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ​ കേരളകൗമുദിക്ക് വേണ്ടി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി,​ ജനറൽ മാനേജർ സെയിൽസ്)​ ശ്രീസാഗർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.