തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരുടെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തി. നഗരസഭ ഹെൽത്ത് ഓഫീസറുടെയും രണ്ട് ക്ളർക്കുമാരുടെയും മൊഴിയാണ് ഇന്നലെയെടുത്തത്.

മേയറുടെ പേരിലുള്ള കത്തിൽ പ്രചരിക്കുന്നത് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട നിയമനത്തിന്റെ കാര്യമായതിനാലാണ് വിഭാഗത്തിന്റെ തലവനായ ഹെൽത്ത് ഓഫീസറുടെയും പ്രധാന ഫയലുകളും കത്തുകളും നൽകുന്ന രണ്ട് ക്ളർക്കുമാരുടെയും മൊഴി രേഖപ്പെടുത്തിയത്. വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം മേയറെ രേഖാമൂലം അറിയിക്കുന്നത് ഹെൽത്ത് ഓഫീസർ മുഖേനയാണ്. കത്തിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒഴിവുകളുണ്ടോ, എങ്ങനെയാണ് നിയമനം, അവസാനം നിയമനം നടത്തിയതെന്നാണ് തുടങ്ങിയ കാര്യങ്ങൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ഇങ്ങനെയൊരു കത്തിനെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്ത് ഇവിടെ തയ്യാറാക്കിയിട്ടില്ലെന്നും ജീവനക്കാർ മൊഴി നൽകി. വ്യാജമായി ലെറ്റർ പാഡ് നിർമ്മിച്ച് കത്തുണ്ടാക്കാനുള്ള സാദ്ധ്യതകളെപ്പറ്റി അന്വേഷണസംഘം ജീവനക്കാരോട് ചോദിച്ചു. പല ആവശ്യങ്ങൾക്കുമായി മേയർ ലെറ്റർ പാഡിൽ കത്ത് നൽകാറുണ്ടെന്നും ഈ ലെറ്റർപാഡിൽ വ്യാജമായി കത്ത് തയ്യാറാക്കിയതാകാമെന്നും ജീവനക്കാർ വ്യക്തമാക്കി.

മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് വീണ്ടും ജീവനക്കാരുടെ മൊഴിയെടുത്തേക്കും. മേയറില്ലാത്ത സമയങ്ങളിൽ അടിയന്തര ഘട്ടത്തിൽ സ്‌പെസിമെൻ ഒപ്പ് രേഖപ്പെടുത്തിയതിനെപ്പറ്റിയും അന്വേഷിച്ചു. ആരോഗ്യ വിഭാഗത്തിനുവേണ്ടി സ്‌പെസിമെൻ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

ആനാവൂരിന്റെ മൊഴി

ഉടൻ രേഖപ്പെടുത്തും

സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ. അനിലിന്റെയും മൊഴി ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.