
തിരുവനന്തപുരം: സരിത എസ്. നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻ ഡ്രൈവർ വിനുകുമാർ പലപ്പോഴായി ഭക്ഷണത്തിൽ രാസവസ്തു കലർത്തിയെന്നാണ് പരാതി. നാലുമാസം പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്. വിനുകുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്നവരെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. രാസവസ്തു പ്രയോഗത്തിൽ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറയുകയും ഇടതുകാലിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു. ചികിത്സ തുടരുകയാണ്. സരിതയെ അപായപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരി വാദിയായ മറ്റൊരു കേസിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആർ. രോഗബാധിതയായി ചികിത്സ തേടിയപ്പോഴാണ് രാസപ്രയോഗം അറിഞ്ഞത്. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. 2018 മുതൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ വിഷപ്രയോഗം സംശയിച്ചിരുന്നെങ്കിലും ആളെ മനസിലായില്ല. എന്നാൽ 2022 ജനുവരി 3ന് കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്ന് മനസിലായത്. 2014മുതൽ സരിതയുടെ ഡ്രൈവറായിരുന്നു വിനു. തുടന്ന് ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ പരിശോധനാ ഫലവും കിട്ടിയശേഷമാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയതെന്നും സരിത പറഞ്ഞു. വിനുകുമാറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്ന് വിവരം തേടിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. വിനുകുമാറിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.