gaganyan

തിരുവനന്തപുരം:മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ പേടകത്തെ സുരക്ഷിതമായി ഭൂമിയിൽ ഇറക്കാനുള്ള പാരച്യൂട്ട് പരീക്ഷണവും വിജയിച്ചു. 2024ലാണ് ഗഗൻയാൻ ദൗത്യം.

അയ്യായിരം കിലോഗ്രാം ഭാരമുള്ള ഗഗൻയാൻ പേടകത്തിലെ ക്രൂ മൊഡ്യൂളിന്റെ ഡമ്മി വ്യോമസേനയുടെ ഐ.എൽ.76 വിമാനത്തിൽ ആകാശത്ത് 2.5 കിലോമീറ്റർ മുകളിലെത്തിച്ച് താഴോട്ട് വീഴ്‌ത്തിയാണ് പരീക്ഷണം നടത്തിയത്. മൂന്ന് മിനിറ്റോളം നീണ്ട പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.

ജാർഖണ്ഡിലെ റാഞ്ചിക്കടുത്തുള്ള ബിബിന ഫീൽഡ് ഫയർ റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഭൂമിയിലേക്ക് തിരിച്ചു വരുമ്പോൾ നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കുന്ന പരീക്ഷണം (ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ് ടെസ്റ്റ് - ഐ.എം. എ.ടി.) ആണ് നടത്തിയത്. ഇതിനായി പത്ത് പൈറോ ബെയ്സ്ഡ് മോർട്ടാർ വിലേറ്റ് പാരച്യൂട്ടുകളാണ് ഉപയോഗിച്ചത്.

ജി.എസ്.എൽ.വി.റോക്കറ്റിൽ വിക്ഷേപിക്കുന്ന ഗഗൻയാൻ പേടകം ഇന്ത്യൻ സഞ്ചാരികളുമായി ബഹിരാകാശത്ത് ഭൂമിയെ വലംവെയ്ക്കുന്നതാണ് ദൗത്യം. ഇൗ പേടകം തിരിച്ച് ഭൂമിയിൽ എത്തിക്കുന്നതും അതിലെ അപകട സാധ്യതകൾ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളുമാണ് പരീക്ഷിക്കുന്നത്.