തിരുവനന്തപുരം : കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും നഗരസഭ സമരങ്ങളിൽ മുങ്ങി. യുവമോർച്ച നഗരസഭയിൽ ജീവനക്കാർക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ഉപരോധം കടുപ്പിച്ചപ്പോൾ, നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ഇന്നലെ രാവിലെ 7 മുതലാണ് യുവമോർച്ച പ്രവർത്തകർ നഗരസഭാ ഓഫീസിന്റെ മുൻവശമുള്ള ഇരുഗേറ്റുകളും ഉപരോധിക്കാൻ തുടങ്ങിയത്. ജീവനക്കാരെ തടഞ്ഞതോടെ പിൻവാതിലിലൂടെ ജീവനക്കാർ അകത്തേക്ക് കടക്കാൻ തുടങ്ങി. ഇതോടെ പ്രവർത്തകർ അവിടെയെത്തി ഉപരോധിച്ചതോടെ പൊലീസുമായി വാക്കേറ്റവും കൈയാങ്കളിയുമായി. ഏറെ നേരം ജീവനക്കാരെ ഓഫീസിനുള്ളിൽ കയറ്റാതെ ഉപരോധിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പൂവച്ചൽ അജി, കോവളം മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ, സുജിത്ത്, പ്രതീഷ്, അഭിലാഷ് തുടങ്ങിയവരെ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഓഫീസിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, പാപ്പനംകോട് നന്ദു, എച്ച്.എസ്.അഭിജിത്ത്, കിരൺ, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ഉച്ചയോടെ കന്റോൺമെന്റ് ഹൗസിൽ നിന്ന് പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിലെ ബാരിക്കേഡ് തള്ളിക്കയാൻ ശ്രമിച്ചു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരിങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോകാത്തതിനാൽ പൊലീസ് ലാത്തിവീശി. ഇതിനിടെ പ്രവർത്തരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവു വന്നത്. തുടർന്ന് ധർണ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, ഭാരവാഹികളായ അനന്തകൃഷ്ണൻ, ഗോപു നെയ്യാർ, കൃഷ്ണ കാന്ത്, സുഹൈൽ, ആദേശ് സുധർമൻ, എം.എ. ആസിഫ്, സജന ബി. സജൻ, ശരത്, രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.