തിരുവനന്തപുരം :സമരം ചെയ്യുന്ന യു.ഡി.എഫ്. വനിതാ കൗൺസിലർമാർക്കെതിരെ ഡെപ്യൂട്ടി മേയർ പി.കെ.രാജു അസഭ്യം പറയുകയും അശ്ളീലപ്രദർശനം നടത്തിയെന്നും പരാതി. നഗരസഭയ്ക്കുള്ളിൽ നടക്കുന്ന യു.ഡി.എഫിന്റെ സത്യഗ്രഹസമരത്തിനിടെയാണ് സംഭവം.
നഗരസഭയിലെ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയർ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ ഡെപ്യൂട്ടി മേയർ ഓഫീസിലേക്ക് എത്തിയപ്പോൾ ഇത് പരാമർശിച്ച് യു.ഡി.എഫ് നേതാക്കൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഡെപ്യൂട്ടി മേയർ അസഭ്യം പറയുകയും അശ്ളീലപ്രദർശനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഡെപ്യൂട്ടി മേയർ പി.കെ.രാജുവിനെതിരെ യു.ഡി.എഫ് നേതാവ് പി.പത്മകുമാർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. വനിതാ കൗൺസിലർമാർക്കെതിരെ അസഭ്യപ്രയോഗം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ്. കമ്മിഷണർക്ക് നേരത്തെയും പരാതി നൽകിയിരുന്നു.