
തിരുവനന്തപുരം:ഇന്ത്യയുടെ കുഞ്ഞ് അയൽരാജ്യമായ ഭൂട്ടാനും ബഹിരാകാശത്ത് ഇടം പിടിക്കുന്നു. ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ഭൂട്ടാനിലെ ശാസ്ത്രജ്ഞർ നിർമ്മിച്ച 30 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ക്യൂബ് ആകൃതിയുള്ള ഐ.എൻ.എസ് 2ബി. ഉപഗ്രഹം ഇന്ന് രാവിലെ 11.56ന് പി.എസ്.എൽ.വി. സി - 54 റോക്കറ്റിൽ വിക്ഷേപിക്കും.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനമാണ് ഭൂട്ടാന് സ്വന്തമായി ഉപഗ്രഹം.
ഇന്ത്യയുടെ ഒാഷൻസാറ്റ് 3 ഉപഗ്രഹത്തിനൊപ്പമാണ് വിക്ഷേപണം. മൊത്തം എട്ട് ഉപഗ്രഹങ്ങളാണ് ഇന്ന് വിക്ഷേപിക്കുന്നത്. അമേരിക്കയുടെ സ്പെയ്സ് ഫ്ളൈറ്റിന്റെ നാല് നാനോ ഉപഗ്രഹങ്ങൾ, ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സലിന്റെ ആനന്ദ് , ധ്രുവയുടെ തൈബോൾട്ട് എന്നിവയാണ് മറ്റ് യാത്രക്കാർ. 25. 30 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 10.26ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടെയിലെ ഒന്നാം വിക്ഷേപണത്തറയിലാണ് പി.എസ്.എൽ.വി.സി. 54 റോക്കറ്റ് നിറുത്തിയിരിക്കുന്നത്.
ഭൂട്ടാന്റെ കുഞ്ഞൻ ഉപഗ്രഹത്തിൽ രണ്ട് ഉപകരണങ്ങളുണ്ട്. വ്യക്തമായ ചിത്രങ്ങളെടുക്കുന്ന നാനോ എം.എക്സ് എന്ന ഒപ്റ്റിക്കൽ ഇമേജിംഗ് കാമറയും എ.പി.ആർ.എസ്. ഡിജിപേറ്റർ എന്ന ഉപകരണവും. ബാംഗ്ളൂരിലെ യു.ആർ. റാവു സയിന്റിഫിക് സെന്ററിന്റെ സഹായത്തോടെയാണിത് വികസിപ്പിച്ചത്. 30കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ദിവസത്തിൽ മൂന്ന് തവണ ഭൂട്ടാന്റെ മേലെയെത്തും.ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയയ്‌ക്കും.
ഇന്നത്തെ പി.എസ്.എൽ.വി. വിക്ഷേപണത്തിന്റെ പ്രത്യേകത രണ്ട് ഉയരങ്ങളിൽ എത്തുമെന്നതാണ്. ആദ്യം 742കിലോമീറ്റർ മുകളിലെത്തി ഒാഷൻ സാറ്റ് 3 വിക്ഷേപിക്കും. പിന്നീട് താഴോട്ട് പറന്ന് 528കിലോമീറ്റർ ഉയരത്തിലെത്തി മറ്റ് ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. മൊത്തം 20മിനിറ്റാണ് ദൗത്യം.