സംയുക്ത സമരസമിതിയിൽ ഭിന്നത
തിരുവനന്തപുരം: ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിതകാല റേഷൻ കടയടപ്പ് സമരത്തിൽ നിന്ന് സംയുക്ത സമരസമിതി പിന്മാറി. റേഷൻ വ്യാപാരികളുടെ ഒക്ടോബറിലെ കമ്മിഷൻ പൂർണമായി നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയ സ്ഥിതിക്ക് രേഖാമൂലം ഉത്തരവ് വേണമെന്ന ആവശ്യം മാത്രം ഉന്നയിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് ഭരണപക്ഷ സംഘടനയായ കെ.ആർ.ഇ.യു (എ.ഐ.ടി.യു.സി), കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷനും നിലപാട് എടുത്തതോടെയാണ് സമരപ്രഖ്യാപനത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായത്. സമരസമിതിയിലെ ഭിന്നിപ്പിൽ ഭൂരിഭാഗം വ്യാപാരികളും അതൃപ്തരാണ്.
ഒക്ടോബറിലെ കമ്മിഷൻ അടിയന്തരമായി നൽകാൻ ധനവകുപ്പ് 14 കോടി അനുവദിച്ചെന്ന് വ്യാഴാഴ്ച നടന്ന ചർച്ചയിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നേതാക്കളെ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് റേഷൻ കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. വെള്ളിയാഴ്ച ഉത്തരവിറങ്ങാത്ത പക്ഷം ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടാനായിരുന്നു കൂടുതൽ വ്യാപാരികൾ അംഗങ്ങളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇന്നലെ ചേർന്ന കോ ഓർഡിനേഷൻ യോഗത്തിൽ ഈ തീരുമാനത്തെ കെ.എസ്.ആർ.ആർ.ഡി.എയും എ.ഐ.ടി.യുസിയും എതിർത്തു. ഈ മാസം 30നകം കഴിഞ്ഞ മാസത്തെ കമ്മീഷൻ പൂർണമായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയ സ്ഥിതിക്ക് കടകൾ അടച്ചിടില്ലെന്ന് ഇരു സംഘടനകളും അറിയിച്ചു. കടകൾ അടയ്ക്കുന്നതിൽ ഭിന്നിപ്പുണ്ടാകുമെന്ന് കണ്ട് സമരം താൽകാലികമായി മാറ്റാൻ സമരസമിതി തീരുമാനിക്കുകയായിരുന്നു.
അതേസമയം അഞ്ച് ദിവസത്തിനുള്ളിൽ വെട്ടിക്കുറച്ച 51 ശതമാനം കമ്മീഷനും തിരിച്ചു നൽകിയില്ലെങ്കിൽ 30ന് വീണ്ടും യോഗം ചേർന്ന് ഭാവി സമരം ആലോചിക്കാനും യോഗം തീരുമാനിച്ചു.