വിതുര: പാതയോരങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂക്ക് പൊത്തിയാത്രചെയ്യേണ്ട അവസ്ഥയാണ് നിലവിലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം രൂക്ഷമായിട്ടും അധികൃതർക്ക് അനക്കമില്ല. വിതുര, തൊളിക്കോട് മേഖലയിലെ പ്രധാനപാതയോരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ട് കാലങ്ങളേറെയായി. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ അവസ്ഥയും വിഭിന്നമല്ല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക ഭാഗത്തും റോഡിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് പതിവ് കാഴ്ചയാണ്. വിതുര നന്ദിയോട് പ്രധാനപാതയിൽ പൊട്ടൻചിറ മുതൽ കാലങ്കാവ് വരെയുള്ള ഭാഗത്താണ് പതിവായി മാലിന്യം തള്ളുന്നത്. റോഡിൽ നിന്നുതന്നെ വലിച്ചെറിയാൻ സൗകര്യമുള്ളതാണ് പ്രധാന കാരണം. അറവുമാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നവോദയ സ്കൂൾ പരിസരത്തെങ്കിലും കാമറ സ്ഥാപിക്കണമെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. ചായം - ചാരുപാറ റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി സ്കൂളിന് സമീപവും മാലിന്യനിക്ഷേപം രൂക്ഷമായി മാറിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനടിയിൽ വരെ ഇപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പേരയത്തുപാറ-ചേന്നൻപാറ റോഡിലെ അവസ്ഥയും വിഭിന്നമല്ല.
മാലിന്യനിക്ഷേപം വർദ്ധിച്ച മേഖലകളിൽ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമാണെന്നും ആക്ഷേപമുണ്ട്. മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കിണറുകളിൽ കൊണ്ടിടുന്നതുമൂലം ജലം മലിനപ്പെടുകയും ചെയ്യുന്നുണ്ട്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മാത്രമല്ല അറവുമാലിന്യങ്ങൾ രാത്രിയിൽ ചാക്കിൽക്കെട്ടി കൊണ്ടിടുക പതിവാണ്. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതുമൂലം പ്രദേശവാസികളും യാത്രക്കാരും മൂക്ക് പൊത്തിയാണ് ഇതുവഴി കടന്നു പോകുന്നത്.
മാലിന്യനിക്ഷേപം രൂക്ഷമായ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ചാക്കുകളിലാക്കി റോഡരികിൽ തള്ളുന്ന മാലിന്യ അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ച് റോഡിലേക്ക് വലിച്ചിടുകയാണ് പതിവ്. നായ്ക്കൾ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രികരെയും ആക്രമിക്കുന്നതും സ്ഥിരമാണ്. ഈ മേഖലകളിൽ കാട്ടുപന്നിശല്യവും രൂക്ഷമാണ്.