തിരുവനന്തപുരം: കഥകളി ആചാര്യൻ തോന്നയ്‌ക്കൽ പീതാംബരനാശാന്റെ ശതാഭിഷേകവും ഗുരുപൂജാ സമർപ്പണവും ഡിസംബർ 4ന് തോന്നയ്‌ക്കൽ കുടവൂർ മഹാദേവർ ക്ഷേത്രം ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 10ന് കഥകളി ചിത്രപ്രദർശനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. 10.30ന് അദ്ദേഹത്തിനൊപ്പം പഠിച്ചവരുടെ സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് സുഹൃദ് സംഗമം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ധ്വനി നൃത്തകലാ മണ്ഡലത്തിന്റെ കഥകളി. 6ന് സഹസ്ര ദീപാർച്ചനയ്‌ക്ക് പ്രൊഫ.ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി തിരിതെളിക്കും. 6.30ന് നടക്കുന്ന ശതാഭിഷേക സംഗമ സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി തുടങ്ങിയവർ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ശതാഭിഷേക സ്‌മരണിക പ്രസ്ക്ളബിൽ നടന്ന ചടങ്ങിൽ മുൻ കളക്ടർ ശ്രീനിവാസന് നൽകി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. തോന്നയ്ക്കൽ സാംസ്‌കാരിക സമിതിയുടെയും തോന്നയ്ക്കൽ നാട്യഗ്രാമത്തിന്റെയും ആഭിമുഖ്യത്തിൽ 27ന് കഥകളി പ്രശ്‌നോത്തരിയും ഡിസംബർ 3ന് കഥകളിപദ കച്ചേരിയും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.വേണുഗോപാലൻ നായർ, ജനറൽ കൺവീനർ തോന്നയ്ക്കൽ വാമദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.