photo

പ്രതിസന്ധികളും പ്രശ്നങ്ങളുമില്ലാത്ത ഒരു ജോലിയും ഇല്ലെന്നുതന്നെ പറയാം. ഓരോ ജോലിയിലും അതിന്റേതായ അപകട സാദ്ധ്യതകളും നേരിയ തോതിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ചും പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരുന്ന ജോലികളിൽ. പൊതുജനം പലവിധമാണ്. എത്ര മര്യാദയ്ക്ക് പെരുമാറിയാലും തട്ടിക്കയറുന്നവരും യാതൊരു പ്രകോപനവുമില്ലാതെ അക്രമത്തിന് മുതിരുന്നവരും ഒക്കെ ഉൾപ്പെട്ടതാണ് പൊതുജനം. പൊലീസും കോടതിയും മറ്റും ഉൾപ്പെട്ട നീതിനിർവഹണ സംവിധാനം നിഷ‌്‌പക്ഷമായും മികവുറ്റ രീതിയിലും പ്രവർത്തിക്കുന്നു എന്ന ബോദ്ധ്യം നിലനിന്നാൽ താരതമ്യേന കുറ്റകൃത്യങ്ങൾ കുറഞ്ഞുവരാനാണ് സാദ്ധ്യത. ഒരു കുറ്റകൃത്യം ഉണ്ടായിക്കഴിഞ്ഞാൽ അതിന് കാരണക്കാരനായ വ്യക്തിക്ക് നിയമനാസൃതമായ ശിക്ഷ ലഭിക്കുമെന്ന ഉറപ്പ് സമൂഹത്തിന്റെ പൊതുവായ നിലനില്പിന് ആവശ്യമാണ്.

പഴയകാലത്ത് ഡോക്ടർമാരെ ഭയഭക്തി ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ജനം സമീപിച്ചിരുന്നത്. എന്നാൽ അടുത്തകാലത്തായി ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിക്കുകയാണ്. ശരിയും തെറ്റും ആരുടെ ഭാഗത്താണെങ്കിലും ഒരു കാരണവശാലും ഡോക്ടർമാർ ആക്രമിക്കപ്പെടാൻ പാടില്ല. ഇത്തരം അക്രമങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിതന്നെ ഉണ്ടാകണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ഒരാൾ ചവിട്ടിവീഴ്‌ത്തിയ സംഭവം നിർഭാഗ്യകരമെന്നേ പറയാനാവൂ. ഭാര്യ മരണമടഞ്ഞ വിവരം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ നിലമറന്ന ഭർത്താവ് വനിതാ ഡോക്ടറെ അടിവയറ്റിൽ ചവിട്ടിവീഴ്‌ത്തുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടികൾ വൈകിയതിൽ ഡോക്ടർമാരുടെ സമൂഹം പ്രതിഷേധിച്ചിരുന്നു. മർദ്ദനമേറ്റ ഡോക്ടർ മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിക്കുകയാണെന്ന് ഡോക്ടറുടെ സുഹൃത്ത് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. 'എനിക്ക് ഈ പണി വേണ്ട. ന്യൂറോസർജനുമാകേണ്ട. രാജ്യം വിടുന്നു." എന്നാണ് അവർ അറിയിച്ചതെന്ന് ഫേസ്‌ബുക്കിൽ വെളിപ്പെടുത്തിയിരിക്കുന്നു. നിരവധി ത്യാഗങ്ങൾ സഹിച്ചാണ് അവർ ഡോക്ടറായത്. സൂപ്പർ സ്പെഷ്യാലിറ്റി പഠനം കഴിഞ്ഞുമതി കുട്ടികൾ എന്ന തീരുമാനം പോലും എടുത്ത വ്യക്തിയാണ് ഡോക്ടർ. ഈയൊരു സംഭവത്തിന്റെ പേരിൽ മാത്രം ഉപേക്ഷിക്കേണ്ടതല്ല അവരുടെ ജോലി. എന്നാൽ അവരെ ആക്രമിച്ചവ്യക്തി നിയമപരമായ എല്ലാവിധ നടപടികൾക്കും വിധേയനാകണമെന്നത് പൊലീസ് ഉറപ്പാക്കുകയും വേണം. ഇക്കാര്യത്തിൽ അലംഭാവം ഉണ്ടായെന്ന തോന്നലാവും ഈ ജോലി ഉപേക്ഷിക്കുമെന്ന് പറയാൻ ഡോക്ടറെ പ്രേരിപ്പിച്ചത്.

കൂടുതൽ ആത്മവിശ്വാസത്തോടെയും ആത്മാർത്ഥതയോടെയും ഈ ജോലിയിലേക്ക് ആ ഡോക്ടർ തിരിച്ചുവരികയാണ് വേണ്ടത്. അതിന് വേണ്ട കരുത്തും പിന്തുണയും അവർക്ക് നൽകാനുള്ള ബാദ്ധ്യത അവരുടെ സുഹൃത്തുക്കൾക്കും പൊതുസമൂഹത്തിനും സർക്കാരിനുമുണ്ട്. അവർ പഠിച്ച അറിവുകൾ ഈയൊരു സംഭവത്തിന്റെ പേരിൽ മാത്രം പാഴായി പോകേണ്ടതല്ല. അക്രമികളെ പിടിക്കാൻ പോകുമ്പോൾ നിരവധി പൊലീസുകാർ അക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിന്റെ പേരിൽ ആരും ജോലി ഉപേക്ഷിക്കുമെന്ന് ചിന്തിക്കാറില്ല. അതിന്റെ കാരണം അക്രമികൾക്കെതിരെ ഫലപ്രദമായ നടപടി ഉറപ്പാക്കാൻ കഴിയുമെന്ന വിശ്വാസം കൊണ്ടാണ്. ഇതേ വിശ്വാസം ഡോക്ടർ സമൂഹത്തിനും പകർന്നു നൽകാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.