
കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് വർദ്ധിച്ചിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികൾ മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് ഈ കുറവു നികത്താൻ പര്യാപ്തമാണ്. ജനുവരി - സെപ്തംബർ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 1.33 കോടി സഞ്ചാരികൾ എത്തിയതായാണ് സർക്കാരിന്റെ കണക്ക്. റെവന്യൂ വരുമാനത്തിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവന ഒട്ടും ചെറുതല്ലെന്ന് സൂചിപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരങ്ങൾ. പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും സഞ്ചാരം കൂടുതൽ സുഗമമാക്കാനുള്ള നടപടികളെടുക്കുകയും ചെയ്താൽ വിനോദസഞ്ചാരികൾ ഇപ്പോഴത്തേക്കാൾ കൂടുതലായി എത്തുമെന്നു തീർച്ചയാണ്.
വിനോദസഞ്ചാരം ഉൾപ്പെടെയുള്ള മേഖലകളുടെ വികസനം ലക്ഷ്യമാക്കിയുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ശുഷ്കാന്തി കാണിച്ചാൽ സംസ്ഥാനം ഇപ്പോൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും വികസന മുരടിപ്പിനും പരിഹാരമാകും. അത്തരത്തിലുള്ള ആലോചനകളോ ആസൂത്രണമോ കാര്യമായി നടക്കുന്നില്ലെന്നതാണ് പരിതാപകരമായ വസ്തുത. പല ഘട്ടങ്ങളിലെത്തിനിൽക്കുന്ന വികസന പദ്ധതികൾ ദ്രുതഗതിയിൽ
പൂർത്തിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. റെയിൽ വികസനം, പുതിയ റോഡുകൾ, സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാവുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി, വ്യവസായ പാർക്കുകൾ, ഐ.ടി പാർക്കുകളുടെ വികസനം തുടങ്ങി ഒട്ടനവധി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഓരോ മാസവും കേന്ദ്രത്തിനു മുമ്പിൽ അധിക വിഭവത്തിനായി കൈനീട്ടുന്നത് ഒഴിവാക്കാനാകും.
അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളെ റെയിലുമായി ബന്ധിപ്പിക്കാനുള്ള റെയിൽവേയുടെ പുതിയ പദ്ധതിയിൽ കേരളത്തിൽ നിന്ന് നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മലപ്പുറം, മഞ്ചേരി എന്നീ നാലു പട്ടണങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാർത്ത സംസ്ഥാനത്തിന് ആഹ്ലാദത്തിനു വകനൽകുന്നതാണ്. അങ്കമാലിയിൽ നിന്ന് എരുമേലി വരെയുള്ള ശബരിപാതയ്ക്കും ദീർഘമായ കാത്തിരിപ്പിനൊടുവിൽ റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി വാർത്ത ഉണ്ടായിരുന്നു. ഇതോടൊപ്പം തിരുവനന്തപുരം - കന്യാകുമാരി, കായംകുളം - ആലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കൽ വേഗം പൂർത്തിയാക്കുകയും വേണം.
നാടിനും ജനങ്ങൾക്കും ഉപകരിക്കേണ്ട പൊതുസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ഉപരിപ്ളവങ്ങളായ രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് വിലപ്പെട്ട സമയവും ഉൗർജ്ജവും പാഴാക്കുന്ന അതീവ ദുഃഖകരമായ സ്ഥിതിയാണ് സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യമിട്ട് വർഷങ്ങളായി നടക്കുന്ന ചെറുചെറു പദ്ധതികൾ പോലും എവിടെയും എത്താതെ മുടങ്ങിക്കിടക്കുന്നു. സ്വച്ഛമായ നഗരജീവിതം പ്രദാനം ചെയ്യേണ്ട നഗരസഭയിൽ രണ്ടാഴ്ചയായി യാതൊന്നും നടക്കുന്നില്ല. നിയമന വിവാദവുമായി ബന്ധപ്പെട്ട് അവിടെ ദിവസവും പൊരിഞ്ഞ അടിയാണു നടക്കുന്നത്. ഇപ്പോൾ മാത്രമല്ല വിവാദങ്ങളില്ലാത്ത സമയങ്ങളിലും വികസന കാര്യങ്ങളിൽ ഏറ്റവും കുറവ് പരിഗണനയേ നഗരസഭ കാണിക്കാറുള്ളൂ. നഗരത്തിൽ വാഹനങ്ങളുമായി എത്തുന്നവർ പാർക്കിംഗിന് ഒരിടം കിട്ടാനായി പത്തുവട്ടം നഗരം ചുറ്റേണ്ട അവസ്ഥയിലാണ്. പൊള്ളുന്ന വെയിലിൽ ബസ് യാത്രക്കാർക്ക് കയറിനിൽക്കാൻ ഒരിടമില്ല. പബ്ളിക് ടോയ്‌ലറ്റുകൾ പേരിനു പോലുമില്ല. നഗരറോഡുകളുടെ സ്ഥിതി പറയാതിരിക്കുകയാവും ഭേദം. നഗരവാസികൾ നേരിടുന്ന ദുരിതങ്ങൾ അനവധിയാണ്. വിവാദങ്ങളല്ലാതെ നഗരജീവിതം സുഖകരമാക്കാൻ പുതുതായി എന്തെങ്കിലും നല്ല കാര്യങ്ങൾ ഉണ്ടാകുന്നുണ്ടോ? വിവാദങ്ങൾ സൃഷ്ടിച്ച് സമയം പാഴാക്കുന്നതിനു പകരം നാടിന്റെ വളർച്ചയ്ക്ക് പര്യാപ്തമായ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മനസുവയ്ക്കണം.