kseb-jeevanakarethiyappol

കല്ലമ്പലം: വർഷങ്ങളായി വൈദ്യുതിയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ കഴിഞ്ഞ ഭിന്നശേഷി കുടുംബത്തിന് കെ.എസ്.ഇ.ബി മടവൂർ സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സൗജന്യമായി വീട് വയർ ചെയ്ത് വൈദ്യുതി എത്തിച്ച് നൽകി. കിളിമാനൂർ പോങ്ങനാട് സ്വദേശി മഞ്ചുവിന്റെ ഭിന്നശേഷിക്കാരനായ മകൻ സഞ്ചുവടക്കമുള്ള അഞ്ചം​ഗ കുടുംബമാണ് വീട്ടിൽ വൈദ്യുതി പോലുമില്ലാതെ ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞ മൺകുടിലിൽ ജീവിതം തുടരുന്നത്. ഇവർക്ക് അടക്കം പഞ്ചായത്ത് പരിധിയിലെ ഭവനരഹിതർക്ക് വീടൊരുക്കാനായി കഴിഞ്ഞ കിളിമാനൂർ പഞ്ചായത്ത് ഭരണസമിതി പോങ്ങനാട് തെന്നൂരിൽ ഒരു ഏക്കർ നാൽപത്തിയഞ്ച് സെന്റ് വസ്തു 58 ലക്ഷം രൂപ ചെലവാക്കി വാങ്ങിയിരിന്നു. എന്നാൽ തുടർന്ന് പഞ്ചായത്തിൽ അധികാരത്തിലെത്തിയ ഭരണസമിതി ഈ ഭൂമിയിൽ ഭവനസമുച്ചയം നിർമ്മിക്കുന്നതിൽ താത്പര്യം കാണിച്ചില്ല. തുടർന്ന് ഓംബുഡ്സ്മാനിൽ കേസ് ആകുകയും ചെയ്തു. ഇവരുടെ അവസ്ഥ ശ്രദ്ധയിൽപെട്ട പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.സത്യൻ പ്രശ്നത്തിൽ ഇടപെടുകയും ഇവർക്ക് വൈദ്യുതി അടിയന്തരമായി എത്തിക്കുന്നതിനായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എ‍ഞ്ചിനീയർ ബിജുവിനെ ബന്ധപ്പെടുകയും തുടർന്ന് മടവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സ്ഥലം സന്ദർശിച്ചു. ജീവനക്കാരുടെ നേതൃത്വത്തിൽ വയറിം​ഗ് പൂർത്തീകരിച്ച് കഴിഞ്ഞദിവസം തന്നെ കുടുംബത്തിൽ വൈദ്യുതി എത്തിക്കുകയും ചെയ്തു. കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടെന്ന ലക്ഷ്യത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സത്യൻ അറിയിച്ചു.