തിരുവനന്തപുരം: പാറശാല ഫയർഫോഴ്സ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. പാറശാല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു.

ലഹരിക്കെതിരെ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി വിവിധ വകുപ്പുകൾ സംയോജിച്ച് പ്രവർത്തിക്കും. പേട്ട ആനയറ സ്ഥലമേറ്റെടുപ്പിന്റെ ടെൻഡർ നടപടികളും യോഗം വിലയിരുത്തി.

ശ്രീകാര്യം ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഡിസംബറിൽ ആരംഭിക്കും. ചെങ്കോട്ടുകോണം എൽ.പി.എസ് കെട്ടിടനിർമ്മാണവും വൈകാതെ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സബ് കളക്ടർ അശ്വതി ശ്രീനിവാസ് അദ്ധ്യക്ഷയായ യോഗത്തിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.