
വർക്കല: ഇടവ വെറ്റക്കട തീരത്തെ മിനി ഫിഷിംഗ് ഹാർബറിനുള്ള മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ നടപടിയില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികളും വിവിധ സംഘടനകളും മാറി മാറി വരുന്ന സർക്കാരിനും ബന്ധപ്പെട്ട വകുപ്പിനും നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഇതേക്കുറിച്ച് ചിന്തിക്കാൻ പോലും അവർ മെനക്കെടാറില്ലെന്നാണ് പരാതി. ഇടവ വെറ്റക്കട അനുബന്ധ തീരങ്ങൾ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിലൂടെ ഉപജീവനം കഴിക്കുന്ന തൊഴിലാളികൾ നിരവധിയാണ്. എന്നാൽ കൊല്ലം, ചവറ, നീണ്ടകര, കരുനാഗപ്പള്ളി തുടങ്ങിയ തീരങ്ങളിൽ നിന്ന് ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച് എത്തുന്ന യന്ത്രവത്കൃത യാനങ്ങളാണ് ഈ തീരത്തെ മത്സ്യസമ്പത്ത് കൊണ്ടുപോകുന്നത്. ഇത് ഈ പ്രദേശത്തുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. ഇക്കാരണത്താലാണ് ഫിഷിംഗ് ഹാർബറിനായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നത്. മാത്രമല്ല ഹാർബറിന് വളരെയേറെ അനുയോജ്യമാണ് ഈ തീരം. കാപ്പിൽ പടിഞ്ഞാറേ പൊഴിമുഖം അഴിയാക്കി മാറ്റി ഫിഷിംഗ് ഹാർബർ രൂപകല്പന ചെയ്താൽ നിർമ്മാണച്ചെലവ് പത്തിരട്ടിയോളം കുറയുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടികാട്ടുന്നു.
പാളിയ പദ്ധതികൾ
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ. മജീദ് മുൻകൈയെടുത്ത് ഹാർബർ നിർമ്മാണം സംബന്ധിച്ച് പഠനങ്ങൾ നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നതാണ്. എന്നാൽ അന്ന് ഇവിടങ്ങളിൽ സജീവമായിരുന്ന കയർ വ്യവസായവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളിൽ കുരുങ്ങി പദ്ധതി പാളുകയായിരുന്നു. പിൽക്കാലത്ത് കയർവ്യവസായം നിലയ്ക്കുകയും തുടർന്ന് മാറിമാറി വന്ന സർക്കാരുകൾ ഇടവ വെറ്റക്കട തീരത്തെ അവഗണിക്കുകയും ചെയ്തു. ഇടവ വെറ്റകട തീരത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും എങ്ങുമെത്തുന്നില്ല.
ഹാർബർ യാഥാർത്ഥ്യമാക്കണം
വെറ്റക്കട തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിദേശികളും സ്വദേശികളും ധാരാളമായി എത്തുന്നുണ്ട്. വെറ്റക്കട ടൂറിസം പദ്ധതിയുടെ ഭാഗമായി തീരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പാർക്കും ഇരിപ്പിടവും കാടുകയറിയ നിലയിലാണ്. വെറ്റക്കട കേന്ദ്രീകരിച്ച് ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും തുറമുഖ വകുപ്പും മുൻകൈയെടുക്കേണ്ടതുണ്ട്. ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ ഇടപെടലും വേണമെന്നാണ് വെറ്റക്കട നിവാസികളുടെ പ്രധാന ആവശ്യം.