തിരുവനന്തപുരം: അഞ്ചു ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശീല വീണപ്പോൾ 837 പോയിന്റുമായി ഓവറാൾ കിരീടം നേടി തിരുവനന്തപുരം സൗത്ത് ഉപജില്ല. കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടകനായ മന്ത്രി വി. ശിവൻകുട്ടി വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. 786 പോയിന്റുള്ള തിരുവനന്തപുരം നോർത്ത് രണ്ടാമതും 784 പോയിന്റുമായി കിളിമാനൂർ ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.703 പോയിന്റ് നേടിയ ആറ്റിങ്ങൽ ഉപജില്ലയാണ് നാലാം സ്ഥാനത്ത്. 670 പോയിന്റ് നേടിയ നെടുമങ്ങാട് ഉപജില്ലയാണ് അഞ്ചാമത്.ഏറ്റവും കൂടുതൽ പോയിന്റു നേടിയ പൊതുവിദ്യാലയത്തിന് കെ.എസ്.ടി.എ നൽകുന്ന ട്രോഫി കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസ് നേടി. രണ്ടാം സ്ഥാനം കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസിനായിരുന്നു.276 പോയിന്റ് സ്വന്തമാക്കിയ വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസാണ് സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 209 പോയിന്റ് നേടിയ കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 182 പോയിന്റോടെ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും 178 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് നാലാം സ്ഥാനവും 166 പോയിന്റുള്ള നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, എച്ച്.എസ് അറബിക്, എച്ച്.എസ് സംസ്‌കൃതം വിഭാഗങ്ങളിൽ തിരുവനന്തപുരം സൗത്ത് യഥാക്രമം 308, 385, 89, 93 പോയിന്റ് നേടി ഒന്നാമതെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ കിളിമാനൂർ (289) രണ്ടാമതും തിരുവനന്തപുരം നോർത്ത് (284) മൂന്നാമതുമെത്തി.എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവനന്തപുരം നോർത്ത് (364), കിളിമാനൂർ (341) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യു.പി വിഭാഗത്തിൽ 157 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. കിളിമാനൂർ (153), തിരുവനന്തപുരം സൗത്ത് (144) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യു.പി വിഭാഗം സംസ്‌കൃതോത്സവത്തിൽ 93 പോയിന്റ് നേടിയ കണിയാപുരം, തിരുവനന്തപുരം സൗത്ത്, നെടുമങ്ങാട് ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
യു.പി വിഭാഗം അറബിക് കലോത്സവത്തിൽ 68 പോയിന്റ് വീതം നേടി ആറ്റിങ്ങലും കിളിമാനൂരും ഒന്നാം സ്ഥാനം പങ്കിട്ടു. എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തിൽ 89 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഒന്നാമതെത്തി.

കലോത്സവ മാനുവൽ പരിഷ്‌കരിക്കും: മന്ത്രി വി. ശിവൻകുട്ടി

കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അപ്പീലും കോടതി ഇടപെടലുമില്ലാത്ത കലോത്സവങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കലോത്സവ മാനുവൽ പരിഷ്‌കരിക്കുമ്പോൾ വിജയികൾക്ക് നൽകുന്ന ക്യാഷ് അവാർഡ് ഉൾപ്പെടെ വർദ്ധിപ്പിക്കും. കലാമികവ് തെളിയിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. കലോത്സവത്തിൽ ചില അനാരോഗ്യ പ്രവണതകളുണ്ട്. മത്സരം എപ്പോഴും കുട്ടികൾ തമ്മിലാകണം. രക്ഷിതാക്കളും അദ്ധ്യാപകരും അതിൽ ഇടപെടരുത്. എന്റെ കുട്ടി എന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇല്ല. എല്ലാവരും നമ്മുടെ കുട്ടികളാണ്. ഒരാളെ ജയിപ്പിക്കാനും തോൽപ്പിക്കാനും ഇടപെടൽ ഉണ്ടാകരുത്. മത്സരങ്ങൾ ആരോഗ്യകരമായിത്തന്നെ നടത്തണം. കലോത്സവത്തിരക്കിനിടെ മൂന്നുമാസം കഴിഞ്ഞ് വരുന്ന പൊതുപരീക്ഷ മറക്കരുതെന്നും മന്ത്രി കുട്ടികളെ ഓർമ്മിപ്പിച്ചു.
വിജയികൾക്ക് വ്യക്തിഗത ട്രോഫികളും ഗ്രേസ് മാർക്കും നൽകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എം.വിൻസന്റ് എം.എൽ.എ പറഞ്ഞു. നടി അവന്തിക മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണകുമാർ, ഡി ഇ ഒ സുരേഷ് ബാബു, കൗൺസിലർ രാഖി രവികുമാർ, കോട്ടൺ ഹിൽ സ്‌കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ, പ്രിൻസിപ്പൽ എച്ച്.എം രാജേഷ് ബാബു, കോട്ടൺഹിൽ എൽ.പി.എസ് എച്ച്.എം അജിത് കുമാർ, ശിശുവിഹാർ യു.പി.എസിലെ എച്ച്.എം അമ്പിളി വി. നായർ, പി.പി.ടി.ടി.ഐ പി.ടി.എ പ്രസിഡന്റ് ലിജീഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.