pvr

തിരുവനന്തപുരം : പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പി.വി.ആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്‌സ് ലുലു മാളിൽ കാണികളെ വരവേൽക്കാനൊരുങ്ങി. പി.വി.ആർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലി,പി.വി.ആർ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.12 സ്‌ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ലക്‌സിലുള്ളത്.ഡിസംബർ 5 മുതൽ സിനിമാപ്രദർശനം ആരംഭിക്കും.ഐ മാക്‌സ്,ഫോർ ഡി എക്‌സ് തുടങ്ങിയ രാജ്യാന്തര ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാൻ കഴിയും.15ന് അവതാറിന്റെ റിലീസിംഗും തിയേറ്ററിൽ നടക്കും.ആകെയുളള 12സ്‌ക്രീനുകളിൽ 2 എണ്ണം പി.വി.ആറിന്റെ ലക്ഷ്വറി സക്രീൻ വിഭാഗത്തിലുള്ളതാണ്. മറ്റ് 8 സ്‌ക്രീനുകളിലും അവസാനനിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 40മുതൽ 270 സീറ്റുകൾ വരെയാണ് ഓരോ സ്‌ക്രീനിലും ക്രമീകരിച്ചിട്ടുള്ളത്. 1739 സീറ്റുകളാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അൾട്രാഹൈ റെസലൂഷൻ ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്‌സാണ് ലുലു മാളിൽ പി.വി.ആർ തുടങ്ങിയത്. നൂതന ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്‌ജെൻ ത്രി ഡി സാങ്കേതികവിദ്യയുമാണ് മറ്റൊരു പ്രത്യേകത. ഡൽഹി, ബംഗളൂരു,നോയിഡ എന്നിവിടങ്ങൾക്ക് ശേഷം രാജ്യത്തെ നാലാമത്തെ പി.വി.ആർ സൂപ്പർപ്ലക്‌സാണ് തിരുവനന്തപുരത്ത് തുടങ്ങിയത്.