kilimanoor-ramakanthan-

കവി, അദ്ധ്യാപകൻ, നാടക രചയിതാവ്, പ്രഭാഷകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ ഗുരുനാഥനായ കിളിമാനൂർ രമാകാന്തൻ ഓർമ്മയായിട്ട് ഇന്ന് പതിമ്മൂന്നു വർഷം. പ്രപഞ്ചസൗന്ദര്യത്തിന്റെ സർഗാത്മക പരാവർത്തനമാണ് രമാകാന്തൻ കവിതകൾ. കവിതകൾക്കു പുറമേ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആധാരമാക്കി ഗുരുപഥം എന്ന മഹാകാവ്യവും ഖണ്ഡകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വിവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരിഭാഷാകൃതികളെപ്പറ്റി വിലയിരുത്തലുണ്ടായിട്ടില്ല.

ഇറ്റാലിയൻ മഹാകവിയായ 'ദാന്തെ" യുടെ ഡിവൈൻ കോമഡിക്ക് ഭാരതീയ ഭാഷകളിൽ ആദ്യമായി ഒരു വിവർത്തനമുണ്ടായത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നാണ്. '' ഇതിഹാസ തുല്യമായ ഇൗ കാവ്യം പരിഭാഷപ്പെടുത്തുക വഴി രമാകാന്തൻ മലയാളത്തിന് നൽകിയ സംഭാവന എത്ര വിലപ്പെട്ടതാണ്. ഇതു വെറുമൊരു വിവർത്തനമല്ല, ദാന്തെയുടെ ഭാവനയെ കുടിയിരുത്താൻ മലയാളഭാഷയിൽ തീർത്താെരു കാവ്യമാണ്.'' എന്നാണ് ഒ.എൻ.വി രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാഡമിയാണ് ഇൗ കൃതി പ്രസിദ്ധീകരിച്ചത്. 2006 ൽ ഇറ്റലിയിലെ റവേത്തയിൽവച്ച് നടന്ന ദാന്തേ ഫെസ്റ്റിവലിൽ അദ്ദേഹം ആദരിക്കപ്പെട്ടു. ആ പരിഭാഷ തുടങ്ങുന്നതിങ്ങനെ:

'' ജീവിതയാത്രാമദ്ധ്യേ നേർവഴി തെറ്റിക്കൊടും

കൂരിരുൾ കാന്താരത്തിലെത്തി ഞാനുണർന്നല്ലോ

പറയാൻ കെല്പില്ലൊട്ടും ഭീകരം ദ്രുമാവലി

ജഡിലം വനം, സ്മൃതിഭീതിയെ പുതുക്കുന്നു."

അടുത്തതായി അദ്ദേഹം പരിചയപ്പെടുത്തിയത് ലോകോത്തരകവിയും നോവലിസ്റ്റുമായ ''കസാന്ത് സാക്കീസ് നിക്കോസി"ന്റെ ഒഡീസി എ മോഡേൺ സ്വീക്വലാണ് (ഒഡീസി ആധുനിക അനുബന്ധം), മൂല്യകൃതിയുടെ അന്തസത്ത ഉൾക്കൊണ്ടും കാവ്യാന്തരീക്ഷം നിലനിറുത്തിക്കൊണ്ടും ലളിതവും ഒാജസാർന്നതും ഭാവദീപ്തവുമായ ഭാഷയിലാണ് അത് വിവർത്തനം ചെയ്തിരിക്കുന്നത്. കസാന്ത് സാക്കിസിന്റെ കാവ്യത്തിലെ ആദ്യ വരികളും അവയുടെ വിവർത്തനവും നോക്കുക.

' O sun, great oriental, my proud mind's golden cap

I Love to wear you cocked askew'

' ഹേ സൂര്യ, തേജോമയ പൗരസ്ത്യദേശക്കാരാ

ഭാസുര, വിജൃംഭിതമെന്നുടെ മനസിന്റെ

കനകതലപ്പാവേ, വളച്ചുനിവർത്തീട്ട്

ധരിക്കാൻ മോഹം നിന്നെ'

മറ്റൊരു ഭാഗം.

'A Silent Malegull floating on the

foaming azurewaves '

' സ്വരമേയില്ലാത്തതാം കടൽകാക്കയായതു

പതയും കരിനീലത്തിരയിൽ നീന്തിപ്പോയി.'

കേരള സാഹിത്യ അക്കാഡമിയാണ് ഇൗ പുസ്തകം പ്രസിദ്ധീകരിച്ചത്.

അടുത്തതായി അദ്ദേഹം വിവർത്തനം ചെയ്തത് ചൈനീസ് ഗ്രന്ഥമായ 'ലയോട്സേ 'യുടെ താവോഗ്രന്ഥമാണ്. രണ്ടായിരത്തിഅഞ്ഞൂറു വർഷങ്ങൾക്കു മുൻപാണ് 'ലയോട്സേ ' ഇൗ ഗ്രന്ഥം രചിച്ചത്. ബുദ്ധികൊണ്ടു ഭരിക്കുന്നവൻ സ്വന്തം നാടിനെ ചതിക്കുമെന്നും ബുദ്ധിയില്ലാത്തവൻ ഭരിക്കുന്നത് നാടിന് അനുഗ്രഹമാണെന്നും ഇൗ ഗ്രന്ഥത്തിൽ പറയുന്നു.

'ഒന്നുമൊന്നും നേടുകയില്ല

തന്നെത്താനെ പുകഴ്ത്തുവോൻ'

'പൊങ്ങച്ചം ചൊല്ലിടുന്നോനെ

എങ്ങുമാരും സഹിച്ചിടാം'.

ഇതിനിടയ്ക്ക് അദ്ദേഹം ഒാവിഡിന്റെ മെറ്റമോർഫസിസും ലോർക്കയുടെ കവിതകളും വിവർത്തനം ചെയ്തു.

അവസാനമായി അദ്ദേഹം വിവർത്തനം ചെയ്തത് ഫിൻലാൻഡിന്റെ ദേശീയകാവ്യമായ 'കലേവല "യാണ്. ഇരുപത്തീരായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിഅഞ്ച് വരികളുള്ള ഇൗ കൃതി വിവർത്തനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം അർബുദബാധിതനായത്. വേദനകൾ സഹിച്ചുകൊണ്ട് പൂർത്തിയാക്കിയ ഇൗ കൃതി കേന്ദ്രസാഹിത്യ അക്കാഡമി ഇൗ വർഷമാണ് പ്രസിദ്ധീകരിച്ചത്.

നാടോടി ഗാനങ്ങളുടെ സമാഹാരമായ കലേവലയിൽ ഫിനിഷ് മന്ത്രങ്ങളും ഭാവഗീതങ്ങളും കഥാഗീതങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡോ. ലോൺറോട്‌സാണ് നാടോടിഗാനങ്ങൾ കോർത്തിണക്കി കലേവലയ്ക്ക് രൂപം നൽകിയത്. എല്ലാ നാടുകളിലെയും നാടോടി ഗാനങ്ങളിൽ സാർവലൗകിക ഭാവങ്ങളുടെ പരാവർത്തനങ്ങളുണ്ടാവും. വയനാടിലെയും സഹ്യപർവത തടങ്ങളിലെയും ആദിവാസികളുടെ ചാറ്റുപാട്ടിലും കാണിപ്പാട്ടിലും ഉടുക്കുപാട്ടിലും തീയാട്ടു പാട്ടിലുമെല്ലാം നാടൻ സംസ്കാരത്തിന്റെയും ആർജിതാനുഭവങ്ങളിൽ ആത്മസാക്ഷാത്‌ക്കാരം ചെയ്യുന്ന മനുഷ്യ പരിണാമത്തിന്റെയും പദസ്വരങ്ങൾ കേൾക്കാം. അഭൗമലോകത്തെ കാണിച്ചുതരാൻ സങ്കല്പം പറയുന്ന വാരണാസിയിലെയും രാമേശ്വരത്തെയും മാന്ത്രികർക്കുപോലും അദമ്യമാണ് കലേവലയിലെ ഗാനകർത്താക്കൾ തുറന്നിടുന്ന അത്‌ഭുതകാശങ്ങൾ. സിരകളുണർത്തുന്ന ഇൗ ഗന്ധർവഗാനങ്ങൾ അതിമനോഹരമായി രമാകാന്തൻ വിവർത്തനം ചെയ്തിരിക്കുന്നു. ജന്മനാ കവിയായ അദ്ദേഹത്തിന്റെ സിദ്ധിയാണത്.

ലോകസൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തോടെയാണ് കലേവല ആരംഭിക്കുന്നത്.

വിണ്ണുനിർമ്മിച്ചവൻ യൂക്കോയല്ലോ

വെള്ളത്തിനൊപ്പം മുറിയ്ക്കയായി

അന്തരീക്ഷത്തെയും രണ്ടുപങ്കായ്

പ്രണയാർത്ഥന നിഷ്ക്കരുണം നിരസിക്കുമ്പോൾ പ്രണയിനിയെ വെട്ടിക്കൊല്ലുന്ന ഇൗ കാലഘട്ടത്തിൽ ഇതിലെ കഥാപാത്രമായ കൊല്ലൻ പറയുന്നത് ശ്രദ്ധിക്കുക

നീയെന്നിൽ നിന്നും രക്ഷപ്പെടില്ല

ഞാൻ മുയൽ മാതിരി പിന്തുടരും

വർത്തമാനകാലത്തെപ്പോലും സ്തംഭിപ്പിക്കുന്ന സമാധാനം അയാൾ കണ്ടെത്തുന്നു.

ചാരുതയായ വിശുദ്ധയായ

നാരിയെ കൊല്ലാൻ ജനിച്ചതല്ല

ഞാൻ.... ഇവളാണെങ്കിൽ നിസഹായ

മറ്റൊരു സന്ദർഭത്തിൽ മറ്റൊരു കഥാപാത്രം പറയുന്നത് കേൾക്കുക.

താണവർഗത്തിൽ പിറന്നു ഞാനെ-

ന്നാണോ നിനക്കുള്ള ചിന്തയിപ്പോൾ

ഒട്ടും കുലീനതയില്ലെനിക്കെ-

ന്നിപ്പോൾ നിനച്ചുകുഴഞ്ഞിടുന്നോ

സാർവലൗകികഭാവങ്ങൾ എല്ലാക്കാലത്തും എല്ലാ രാജ്യത്തും ഒരുപോലെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ദുഃഖത്തിന് മനുഷ്യോദയത്തിന്റെ പഴക്കമുണ്ട്. കലേവലയുടെ കഥാപാത്രങ്ങളിൽ സ്ത്രീകളെക്കാൾ ദുഃഖിതർ പുരുഷന്മാരാണ്.

ഇൗ കൃതി വായിച്ചുകഴിയുമ്പോൾ ഇതൊരു വിവർത്തന കാവ്യമാണോ മലയാള കവിതയാണോ എന്ന് സംശയിക്കും. രമാകാന്തൻസാറിന്റെ വിവർത്തന കൃതികൾക്ക് നല്ലൊരു പഠനം ആവശ്യമാണ്. ഇൗ ലേഖനം ഗുരുനാഥനായ കിളിമാനൂർ രമാകാന്തൻ സാറിന്റെ ഒാർമ്മകളിൽ, പാദങ്ങളിൽ ഗുരുദക്ഷിണയായി വയ്ക്കുന്നു.