ആര്യനാട്: പൂജപ്പുര എൽ.ബി.എസിൽ പഠിക്കുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിച്ച് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ. എൽ.ബി.എസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആര്യനാട് ഡിപ്പോയിലെത്തിയപ്പോഴാണ് ആദ്യവർഷ വിദ്യാർത്ഥികൾക്ക് കൺസെഷൻ ടിക്കറ്റ് നൽകാൻ ചീഫ് ഓഫീസിൽ നിന്ന് പ്രത്യേക ഉത്തരവില്ലെന്നും അതിനാൽ നൽകാനാവില്ലെന്നും ഡിപ്പോ അധികൃതർ അറിയിച്ചത്.

എന്നാൽ അന്നേ ദിവസം തന്നെ നെടുമങ്ങാട് ഭാഗത്തുള്ള ഇതേ കോളേജിലെ കുട്ടികൾക്ക് നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കൺസെഷൻ ടിക്കറ്റ് നൽകുകയും ചെയ്‌തു. ഇക്കാര്യം ആര്യനാട് ഡിപ്പോ അധികൃതരെ അറിയിച്ചെങ്കിലും ചീഫ് ഓഫീസിൽ നിന്ന് എൽ.ബി.എസിലെ ആദ്യവർഷ വിദ്യാർത്ഥികൾക്ക് കൺസെഷൻ ടിക്കറ്റ് നൽകുന്നതിനുള്ള ഇ - മെയിൽ ലഭിച്ചാൽ മാത്രമേ നൽകാനാകൂവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.

ചീഫ് ഓഫീസിന്റെ പേരുപറഞ്ഞാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൺസെഷൻ വിഷയത്തിൽ കാട്ടാക്കട ഡിപ്പോയിൽവച്ച് പെൺകുട്ടിക്കും പിതാവിനും മർദ്ദനമേറ്റ സംഭവം ഏറെ വിവാദമായിരുന്നു. കുട്ടിയുടെ പിതാവിനോട് സെമസ്റ്റർ സർട്ടിഫിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. സംഭവത്തിന് ശേഷം മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും ഇത്തരത്തിൽ സെമസ്റ്റർ സർട്ടിഫിക്കറ്റ് വേണ്ടെന്ന കാര്യമാണ് അറിയിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായി.