വിഴിഞ്ഞം:തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം ഇന്നലെയും അക്രമാസ്കതമായതിനെ തുടർന്ന് പ്രദേശത്താകെ അശാന്തി പടർന്നിരിക്കുകയാണ്. നിർമ്മാണം പുനരാരംഭിക്കാൻ കല്ലുകളുമായി ലോറികൾ വരുന്ന വിവരം അറിഞ്ഞ് പദ്ധതി വിരുദ്ധ സമരം നടത്തുന്നവരും അനുകൂലിച്ച് സമരം ചെയ്യുന്നവരും കൂട്ടത്തോടെ എത്തിയിരുന്നു. ഈ വരവ് മുൻകൂട്ടിക്കണ്ട് തടയുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് സമരം അക്രമാസക്തമാകാൻ കാരണമായത്.

കല്ലുമായെത്തിയ ലോറികൾക്കു മുന്നിൽ സ്‌ത്രീകൾ അടക്കമുള്ളവർ മുന്നിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ പൊലീസിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചെങ്കിലും തങ്ങൾക്കെതിരെ ആക്രമണമുണ്ടായപ്പോൾ പലപ്പോഴും പൊലീസ് നോക്കുകുത്തിയായി നിന്നുവെന്നാണ് ജനകീയ കൂട്ടായ്‌മയുടെ ആക്ഷേപം.പൊലീസ് നോക്കിനിൽക്കെയാണ് കോൺഗ്രസ് കൗൺസിലർ ഓമന ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്.

സമരക്കാരെ പിരിച്ചുവിടാനുള്ള ശ്രമം പോലും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ജനകീയ കൂട്ടായ്‌മ പ്രവർത്തകർ ആരോപിച്ചു. വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും ജനകീയ കൂട്ടായ്മയുടെ സമരസ്ഥലത്ത് ക്യാമ്പ് ചെയ്‌തു.

വൈദികർ ഉൾപ്പെടെയുള്ളവർ ജനകീയ കൂട്ടായ്‌മയിൽ അംഗങ്ങളായവരെ ആക്രമിച്ചെന്ന് സമരസമിതി കൺവീനർ വെങ്ങാനൂർ ഗോപകുമാർ ആരോപിച്ചു. തുറമുഖ വിരുദ്ധ സമരക്കാർ ജനകീയ കൂട്ടായ്‌മ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞാണ് പ്രകോപനം സൃഷ്‌ടിച്ചത്. ഇതോടെയാണ് തിരികെയും കല്ലേറുണ്ടായത്.കല്ലേറിനിടയിൽ ബിനു,രാജേഷ്, അഭിലാഷ്, മാർട്ടിൻ, ജോസ്, പാട്രിക്, സെലിൻ,

വിപിൻ, സേവ്യർ, ഹെൻട്ര ജോൺ, പത്രോസ് തുടങ്ങി പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

ബിനുവിനും രാജേഷിനും തലയിലാണ് പരിക്കേറ്റത് ഇതിൽ ബിനുവിന്റെ പരിക്ക് ഗുരുതരമാണ്.സബ് കളക്‌ടർ അശ്വിതി ശ്രീനിവാസ്, ഡി.സി.പി അജിത് കുമാർ, ഫോർട്ട് എ.സി.പി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രദേശത്ത് തമ്പടിച്ചത്.

ഭയന്നുവിളിച്ച് സ്‌ത്രീകളും കുട്ടികളും

ജനകീയ കൂട്ടായ്‌മയിലെ പ്രവർത്തകർ അഭയം പ്രാപിച്ച വീടുകൾക്ക് നേരെയും പലതവണ ആക്രമണമുണ്ടായി.ഉഷ,രവീന്ദ്രൻ നായർ,ശ്രീകണ്ഠൻ,സന്തോഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് കല്ലേറും ആക്രമണ ശ്രമവും നടന്നത്.നിരവധി വാഹനങ്ങളും തകർത്തു.സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭയന്നുവിളിച്ചാണ് വീടുകളിലേക്ക് ഓടിക്കയറിയ‌ത്.തുറമുഖ നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന വലിയ കരിങ്കൽ കഷണങ്ങൾ കൊണ്ട് സമരക്കാർ നടത്തിയ കല്ലേറിലാണ് കല്ലുമായെത്തിയ ലോറിയുടെ ചില്ല് തകർന്നത്. ലോറി ഡ്രൈവർമാരെ സമരക്കാർ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തു.

വൈകിട്ടും സംഘർഷം

ലോറികൾ ചപ്പാത്തിലേക്ക് മാറ്റിയതോടെ മൂന്നര മണിക്കൂർ നീണ്ട സംഘർഷം ഉച്ചയ്‌ക്ക് ഒരു മണിയോടെ അവസാനിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും രംഗം വഷളായി. സമരക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കൂടുതൽ പേർ സംഘർഷ സ്ഥലത്തേക്ക് എത്തുകയായിരുന്നു. പലരും പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി. പാൽ സൊസൈറ്റിയിൽ നടന്ന സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരത്തിൽപ്പെട്ട ഒരാൾക്കും തടി കൊണ്ടുള്ള അടിയിൽ തലയ്ക്ക് പരിക്കേറ്റു.