തിരുവനന്തപുരം: പേരൂർക്കട ഊളൻപാറ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ജീവനക്കാർ പിടികൂടി. വെള്ളനാട് ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിയെ പൂച്ചട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി കൊല്ലം സ്വദേശി എസ്.ബി. ബിജോയാണ് (25) രക്ഷപ്പെടാൻ ശ്രമിച്ചത്.
ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. ഈ മാസം 18നാണ് ഇയാളെ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. അന്നുമുതൽ പ്രത്യേക സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ഇന്നലെ രാവിലെ കുളിപ്പിക്കാൻ പുറത്തിറക്കിയപ്പോൾ ജീവനക്കാരെ വെട്ടിച്ച് ഇയാൾ മതിൽ ചാടി റോഡിലിറങ്ങി. ഈ സമയം അതുവഴി വന്ന ബൈക്കുകാരനെ തള്ളിയിട്ടശേഷം ഇയാൾ ബൈക്കുമായി പൈപ്പിന്മൂട് ഭാഗത്തേക്ക് പോകുകയും ചെയ്‌തു. പിന്നാലെ എത്തിയ ജീവനക്കാർ ഇത് കണ്ട് ബൈക്കിൽ പിന്നാലെ പാഞ്ഞു.
പൈപ്പിന്മൂട് ജംഗ്ഷനിൽ വച്ച് ബൈക്ക് കുറുകെ നിറുത്തി ബിജോയിയെ തടഞ്ഞു. ഇതോടെ ബൈക്ക് റോഡിൽ ഇട്ട് അടുത്തുള്ള വീട്ടിലെ ടെറസിലേക്ക് ഇയാൾ ഓടിക്കയറി. പിന്നാലെ എത്തിയ ജീവനക്കാർ ടെറസിൽ കയറിയാണ് ഇയാളെ പിടികൂടി തിരികെ എത്തിച്ചത്. ഒരു മണിക്കൂറോളം വട്ടം ചുറ്റിച്ച ബിജോയിലെ 11ഓടെയാണ് തിരികെ സെല്ലിലെത്തിച്ചത്. ബിജോയിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർക്ക് പരിക്കേറ്റു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.