തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന അഴിമതി സമരം യു.ഡി.എഫ് സംസ്ഥാന വ്യാപകമാക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പബ്ലിക് സർവീസ് കമ്മ്യൂണിസ്റ്റ് കമ്മീഷനാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതെങ്കിൽ നഗരസഭയിൽ ആനാവൂർ നാഗപ്പനെന്ന എംപ്ലോയ്‌മെന്റ് ഓഫീസറാണ് നിയമനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന കോടികളുടെ അഴിമതിയും അന്വേഷണ വിധേയമാക്കിയാൽ മേയർ മാത്രമല്ല പല പ്രമുഖരും കുടുങ്ങുമെന്നും ഹസൻ ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, നഗരസഭ ലീഡർ പി. പദ്മകുമാർ, ജോൺസൺ ജോസഫ്, ശ്യാംകുമാർ, ആക്കുളം സുരേഷ്, ഇറവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ, എം.ആർ. മനോജ്, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, കൈമനം പ്രഭാകരൻ, കൃഷ്ണകുമാർ, ശ്രീകണ്ഠൻ നായർ, പാളയം ഉദയകുമാർ, ആർ.ഹരികുമാർ, അഭിലാഷ്, ജയചന്ദ്രൻ, ദേവരാജൻ, ആറ്റിപ്ര അനിൽ, ഡി.അനിൽകുമാർ,ആർ.എം പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
ഡെപ്യൂട്ടി മേയറുടെ
കോലം കത്തിച്ചു
കഴിഞ്ഞ ദിവസം യു.ഡി.എഫ് കൗൺസിലർമാരുടെ സമരവേദിക്കു മുന്നിൽ വനിതാ കൗൺസിലർമാരോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ കോലം യു.ഡി.എഫ് പ്രവർത്തകർ കത്തിച്ചു. കോലവുമായി നഗരസഭയ്ക്ക് മുന്നിൽ പ്രകടനം നടത്തിയ ശേഷം നഗരസഭ കവാടത്തിൽ വനിതാകൗൺസിലർമാർ പ്രതീകാത്മകമായി ചെരുപ്പ് മാല അണിയിച്ചാണ് കോലം കത്തിച്ചത്.